കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദിപ്കെ.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദിപ്കെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ എതിർക്കുന്നവർ ഒന്നിക്കണമെന്ന ആഹ്വാനവുമായി അഭിജിത് ദിപ്കെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു.
ഗ്യാനേഷിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രാദേശിക പ്രതിപക്ഷ പാർട്ടി നേതാക്കളെ ഓരോന്നായി തകർത്തു. മമത ബാനർജി, അരവിന്ദ് കേജ്രിവാൾ, സ്റ്റാലിൻ, പിണറായി വിജയൻ തുടങ്ങിയവർ ഇതിലുണ്ട്. എംഎൽഎമാരെ വാങ്ങുകയാണ് ആദ്യം ചെയ്തത്. അതിനുശേഷം പ്രാദേശിക പാർട്ടികളെ നശിപ്പിച്ചു. ഇതിന് പിന്നിലെ യഥാർത്ഥ പ്രതി ഗ്യാനേഷ് കുമാറാണ്.
മോദിയുടെ ഹീറോ ഗ്യാനേഷ് കുമാറാണ്. ശക്തരായ പ്രതിപക്ഷ മുഖങ്ങളെ ഇല്ലാതാക്കി. ഗ്യാനേഷ് കുമാറിന് അറിയാം എങ്ങനെ ബിജെപിയെ സഹായിക്കണമെന്ന്. ബിജെപിയിൽ അംഗത്വമെടുക്കേണ്ട ഒരു കുറവ് മാത്രമാണ് ഗ്യാനേഷ് കുമാറിനുള്ളത്. ഇന്ന് രാജ്യത്ത് കേന്ദ്രത്തിനെതിരെ വലിയ വികാരം ഉയരുന്നുണ്ടെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ് ആരോപിച്ചു. സ്കൂളുകൾ, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങൾ, പരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ സംഘടനയുടെ പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജനങ്ങൾക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഇത്തരം വിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രയോജനമില്ലെന്നും സൗരവ് ദാസ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയെന്ന റിപ്പോർട്ടുകളും നേരത്തെ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
Tags : GyaneshKumar ElectionCommission CockroachJanataParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash