പ്രതീകാത്മക ചിത്രം.
കാലാവസ്ഥാ വ്യതിയാനം ലോകത്തെ വൻ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നു ശാസ്ത്രലോകം. ഇതുവരെ നേരിട്ടിട്ടില്ലാത്ത മഹാദുരന്തങ്ങൾക്കു മനുഷ്യർ സാക്ഷ്യയാകേണ്ടിവന്നേക്കാം. 'എൽ നിനോ'യെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുകളാണു ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട സൂപ്പർ എൽ നിനോ സൃഷ്ടിക്കുന്ന കടുത്ത ഉഷ്ണതരംഗം അഞ്ചു ലക്ഷത്തോളം ആളുകളുടെ മരണത്തിനു കാരണമായേക്കാമെന്നാണു ഗവേഷകരുടെ മുന്നറിയിപ്പ്. വരുന്ന ഫെബ്രുവരി അവസാനത്തോടെ ഭൂമിയിൽ വൻ നാശം സംഭവിക്കുമെന്നും ശാസ്ത്രലോകം.
ചിക്കാഗോ സർവകലാശാലയിലെ ക്ലൈമറ്റ് ഇംപാക്ട് ലാബ് പുറത്തുവിട്ട പുതിയ പഠനറിപ്പോർട്ടിലാണു ഭയാനകമായ വിവരങ്ങളുള്ളത്. വടക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര, പിന്നാക്ക രാജ്യങ്ങൾ ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ ജനങ്ങളെയായിരിക്കും കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായി ബാധിക്കുകയെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ജൂണിൽ ആരംഭിച്ച എൽ നിനോ പ്രതിഭാസം അടുത്ത ഫെബ്രുവരി വരെ നീണ്ടുനിൽക്കും. വിവിധ ലോകരാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടും. ഇതുവരെയുള്ള മാസങ്ങളിൽ മാത്രം കടുത്ത ചൂടു കാരണം രണ്ടു ലക്ഷത്തിലേറെ ആളുകൾ മരണത്തിന് ഇരയായെന്നാണു ഗവേഷകർ കണക്കാക്കുന്നത്. എൽ നിനോയ്ക്കു ശമനമാകുന്പോഴേക്കും മരണസംഖ്യ ഏകദേശം 4,51,000 ഉയർന്നേക്കാം എന്നാണു പഠനം ചൂണ്ടിക്കാണിക്കുന്നത്.
ആഫ്രിക്കയിലെ സാഹെൽ മേഖലയെയാണ് ഈ പ്രതിഭാസം ഏറ്റവും പ്രതികൂലമായി ബാധിക്കുക. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 66,800 അധിക മരണങ്ങൾ ഇവിടെ സംഭവിച്ചേക്കാമെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇതിൽ പകുതിയോളം മരണങ്ങളും നൈജീരിയയിലായിരിക്കും നടക്കുക. ഇതിനുപുറമെ സുഡാൻ, നൈജർ, ഛാഡ് തുടങ്ങിയ രാജ്യങ്ങളിലും വൻ തോതിൽ നാശം പ്രതീക്ഷിക്കാം.
തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സ്ഥിതി ഒട്ടും ആശാവഹമല്ലെന്നും പഠനത്തിലുണ്ട്. വരും മാസങ്ങളിൽ ഉഷ്ണതരംഗം കാരണം ഇന്തോനേഷ്യയിൽ 19,300 പേരും ഇന്ത്യയിൽ 15,800 പേരും മരണപ്പെടാൻ സാധ്യതയുണ്ടെന്നു ഗവേഷകർ സൂചന നൽകുന്നു. ഫിലിപീൻസ്, വിയറ്റ്നാം, തായ്ലൻഡ്, കംബോഡിയ എന്നീ രാജ്യങ്ങളിലായി ആകെ 19,400-ലേറെ മരണങ്ങളും കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കാം.
ലോകമെമ്പാടുമുള്ള 24,000-ലേറെ മേഖലകളിലെ താപനിലയും ചൂടുമൂലമുണ്ടാകുന്ന മരണങ്ങളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ശാസ്ത്ര മാസികകളിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ പഠനറിപ്പോർട്ട് പുറത്തുവിടുകയാണെന്നു ഗവേഷകർ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിർണായക പ്രതിരോധ നടപടികൾ സ്വീകരിക്കാനും വിവിധ രാജ്യങ്ങളെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ നടപടിയെന്നും ഗവേഷകർ പറയുന്നു.
എൽ നിനോ മൂലം ആഗോള താപനില സാധാരണയേക്കാൾ 2.1 ഫാരൻഹീറ്റ് വരെ ഉയരാൻ സാധ്യതയുണ്ട്. നിലവിലുള്ള കണക്കുകളേക്കാൾ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നു ഗവേഷകർ വ്യക്തമാക്കുന്നു. കാരണം, ഉയർന്ന താപനില ഫെബ്രുവരിക്കുശേഷവും തുടർന്നേക്കാം. കടുത്ത ചൂടു മൂലമുള്ള നേരിട്ടുള്ള മരണങ്ങൾ മാത്രമാണു റിപ്പോർട്ടിൽ കണക്കാക്കിയിട്ടുള്ളത്. എൽ നിനോ സൃഷ്ടിക്കുന്ന കാട്ടുതീ, പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവ മൂലമുണ്ടാകുന്ന മരണങ്ങൾ കൂടി കണക്കിലെടുത്താൽ ലോകമെന്പാടും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
Tags : InternationalNews Enviorment ClimateChange SuperElNino