ട്രംപ്-പുടിൻ-ഷി ഉച്ചകോടി പ്രമേയമാക്കി റഷ്യൻ കലാകാരൻ അലക്സി സെർഗിയെങ്കോ വരച്ച ‘ഷെൻചെൻ, 26’ എന്ന പെയിന്റിംഗ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബെർഗിൽ പ്രദർശിപ്പി
ലണ്ടൻ: യുഎസ് പ്രസിഡന്റ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എന്നിവരുടെ ആദ്യ ത്രികക്ഷി ഉച്ചകോടി അടുത്ത വ്യാഴാഴ്ച നടക്കും. അണ്വായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചായിരിക്കും ട്രംപ് ഷിയുമായും പുടിനുമായും ചർച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ചൈനയിലെ ഷെൻചെൻ നഗരത്തിൽ ഏഷ്യാ പസഫിക് സാന്പത്തിക ഉച്ചകോടിക്കിടെയാണു ലോകനേതാക്കൾ കൂടിക്കാഴ്ച നടത്തുക.
അതേസമയം, അണ്വായുധവിഷയം ചർച്ച ചെയ്യാൻ ചൈന സമ്മതിക്കുമോ എന്നതിൽ വ്യക്തതയില്ല. മുന്പൊരിക്കലും ഇക്കാര്യം അമേരിക്കയുമായി ചർച്ച ചെയ്യാൻ ചൈന തയാറായിട്ടില്ല.
ഏറ്റവും കൂടുതൽ അണ്വായുധങ്ങളുള്ള അമേരിക്കയും റഷ്യയും ഇക്കാര്യത്തിൽ ചർച്ച നടത്തട്ടെയെന്നാണു ചൈനയുടെ നിലപാട്. ഏറ്റവും കൂടുതൽ അണ്വായുധങ്ങളുള്ളത് റഷ്യക്കാണ്. അമേരിക്ക രണ്ടാം സ്ഥാനത്തും. ലോകത്തെ അണ്വായുധങ്ങളിൽ ഭൂരിഭാഗവും ഈ രണ്ടു രാജ്യങ്ങളുടെ കൈവശമാണ്.
ഇറാനെതിരായ യുഎസ്-ഇസ്രേലി യുദ്ധത്തെക്കുറിച്ചും പുടിനുമായും ഷിയുമായും ട്രംപ് ചർച്ച നടത്തിയേക്കും. അതേസമയം, റഷ്യ പങ്കാളിയായ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് പരാമർശിക്കില്ല.
18, 19 തീയതികളിലാണ് ഏഷ്യാ പസഫിക് സാന്പത്തിക ഉച്ചകോടി. നാലു ദിവസത്തെ ഏഷ്യാ പര്യടനത്തിനായി ട്രംപ് തിങ്കളാഴ്ച വിമാനം കയറും. ആസിയാൻ ഉച്ചകോടിക്കായി ഫിലിപ്പീൻസും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
Tags : Shenzhen Xi Jinping Putin Trump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash