പാറേൽ മര്‍ത്ത്മറിയം വലിയ പള്ളി
പാറേല്‍ പള്ളിയും പള്ളിപ്പെരുന്നാളും എന്റെ മനസില്‍ എന്നും നിറഞ്ഞ ഓര്‍മകളാണ്. ഞാന്‍ ചങ്ങനാശേരി വെരൂര്‍ ഇടവകാംഗമാണ്. പാറേല്‍ പള്ളിയില്‍നിന്ന് അത്ര ദൂരത്തൊന്നുമായിരുന്നില്ല എന്റെ വീട്. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ഞാന്‍ പങ്കെടുക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്ന് പാറേല്‍ പള്ളി തിരുന്നാളാണ്. കുരിശുംമൂട് കവലയിലേക്കുള്ള പ്രദക്ഷിണത്തില്‍ ചെറുപ്പകാലങ്ങളിലൊക്കെ വളരെ ആവേശത്തോടെയാണ് ഞാന്‍ പങ്കെടുത്തിരുന്നത്.
പൗരോഹിത്യം സ്വീകരിച്ചതിനുശേഷം ഞാന്‍ ആദ്യമായി ശുശ്രൂഷ ചെയ്തത് പാറേല്‍ പള്ളിയുടെ അസി. വികാരി എന്ന നിലയിലാണ്. അന്ന് യശശരീരനായ ജോണ്‍ പുരയ്ക്കലച്ചനായിരുന്നു വികാരി. അതിരൂപതയുടെ ഹൗസ് പ്രൊക്യുറേറ്റര്‍, പ്രൊക്യുറേറ്റര്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തപ്പോഴും അതിരൂപതയുടെ തീര്‍ഥാടനകേന്ദ്രം എന്ന നിലയില്‍ പാറേല്‍ പള്ളിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചു.
പള്ളിയോട് ചേര്‍ന്നുള്ള വിവാഹ കോടതിയുടെ ചുമതലക്കാരന് എന്ന നിലയില്‍ വളരെനാള്‍ പാറേല്‍ പള്ളിയില്‍ താമസിച്ച് ശുശ്രൂഷ ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ പാറേല്‍ പള്ളിയുടെ റെകടര്‍ എന്ന നിലയില്‍ ശുശ്രൂഷ ചെയ്യാനും അവസരം ലഭിച്ചു. ഇങ്ങനെ പാറേല്‍ പള്ളിയും പാറേല്‍ മാതാവുമായി ഇഴുകിച്ചേര്‍ന്ന ഒരു ജീവിതം നയിക്കാന്‍ സാധിക്കുന്നത് വലിയ ദൈവാനുഗ്രഹമായി കരുതുന്നു. പാറേല്‍ പള്ളി എന്റെ ജീവിതത്തിന്റെ ഭാഗമാണ് എന്നുതന്നെ പറയാം.
പാറേല്‍ പള്ളി ഇന്ന് ബസിലിക്കയായി ഉയര്‍ത്തപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം എന്നും അനുഗ്രഹമാണ്.
മോണ്‍. മാത്യു ചങ്ങങ്കരി, ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍

കത്തോലിക്കാ സഭയില്‍ പരിശുദ്ധ ദൈവമാതാവിനുള്ള സ്ഥാനം നിസ്തുലമാണ്. എളിമയുടെയും ലാളിത്യത്തിന്റെയും പരസ്നേഹത്തിന്റെയും നിറകുടമായ അമ്മ, പ്രതിസന്ധികളില്‍ സമചിത്തതയോടും ശാന്തതയോടും കൂടെ നിലകൊണ്ട പ്രത്യാശയുടെ ഉഷഃകാല നക്ഷത്രമാണ്. നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും ഒരുപോലെ പങ്കുവയ്ക്കാന്‍ കഴിയുന്ന ആര്‍ദ്രതയുള്ള അമ്മയായി മാതാവ് നമ്മെ ഓരോരുത്തരെയും ചേര്‍ത്തണയ്ക്കുന്നു.
അനേകര്‍ തങ്ങളുടെ ആകുലതകള്‍ക്ക് ശാന്തി തേടിയെത്തുന്ന പാറേല്‍ മാതാവിന്റെ സന്നിധി, ജാതിമതഭേദമെന്യേ എല്ലാവരുടെയും വലിയ ആശ്രയകേന്ദ്രമാണ്. നമ്മള് സമര്‍പ്പിക്കുന്ന ഓരോ കണ്ണീര്‍തുള്ളിയും പ്രാര്‍ഥനയും ദൈവകുമാരനായ ഈശോയുടെ പക്കലേക്ക് എത്തിച്ച് മനസിന് വലിയ സ്വച്ഛതയും ആശ്വാസവും നല്കാന് അമ്മ എപ്പോഴും തത്പരയാണ്.
നമ്മുടെ ഒരുമയുടെയും കൂട്ടായ്മയുടെയും ഔദാര്യത്തിന്റെയും പ്രതീകമായി തലയുയര്ത്തിനില്ക്കുന്ന പുതിയ ദേവാലയം നമുക്കെല്ലാവര്‍ക്കും ഒരേപോലെ വെളിച്ചവും പ്രത്യാശയും ചൊരിയുന്ന സങ്കേതമാണ്.
നന്മയുടെയും ദൈവാനുഗ്രഹത്തിന്റെയും ഈ പുതിയ വാതിലുകള്‍ തുറക്കപ്പെടുമ്പോള്‍ ഏവര്‍ക്കും ആശ്രയവും പ്രകാശവുമായി ഈ ദേവാലയം നിലകൊള്ളുമെന്നതില്‍ സംശയമില്ല.
പാറേല്‍ മാതാവിന്റെ അനതിവിദൂരമായ സംരക്ഷണത്തണലില്‍, തികഞ്ഞ ഭക്തിയോടും ആദരവോടുംകൂടെ പുതിയ ദേവാലയത്തിന്റെ കൂദാശകര്മത്തില് പങ്കുചേരാന്‍ നമുക്ക് ഒന്നിച്ചു കൈകോര്‍ക്കാം.
പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാല്‍ ദൈവിക അനുഗ്രഹങ്ങളും ശാന്തിയും നമ്മുടെ കുടുംബങ്ങളില്‍ നേടാം.
മോണ്‍. സ്കറിയ കന്യാകോണില്‍, ചങ്ങനാശേരി അതിരൂപത
വികാരിജനറാള്‍
Tags : Parel Church