ന്യൂഡൽഹി: പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ‘സിവിലൈസേഷണൽ ഡയലോഗ്' സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. നവംബർ 20 മുതൽ 22 വരെയാണ് സമ്മേളനം നടക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുന്നത്. എസ്സിഒയിലെ എല്ലാ അംഗരാജ്യങ്ങൾക്കും ഒക്ടോബർ 28ന് ഇന്ത്യ ഔദ്യോഗിക ക്ഷണം അയച്ചിരുന്നു.
എസ്സിഒ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുന്നതിനും പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന എസ്സിഒ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്ഥാന്റെ നീക്കമായാണ് മുസാദിക് മാലിക്കിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
2025 ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. ഇതിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. നാല് ദിവസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടൽ മേയ് 10ന് ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിലുണ്ടാക്കിയ ധാരണയെത്തുടർന്നാണ് അവസാനിച്ചത്.
2024 ഒക്ടോബറിൽ ഇസ്ലാമാബാദിൽ നടന്ന എസ്സിഒ യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തിരുന്നു.
Tags : Pakistani minister India visit Operation Sindhoor Shanghai Cooperation Organisation summit SCO Summit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews