കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ക്രൈസ്തവ-
ബംഗളൂരു: കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ക്രൈസ്തവ-ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ പ്രതിഷേധറാലി. ഫ്രീഡം പാർക്കിൽ ക്രൈസ്തവ, മുസ്ലിം, ദളിത്, കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണു പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, മുൻ ആർച്ച്ബിഷപ് ഡോ. ബർണാഡ് മോറസ് എന്നിവരും വിവിധ സാമുദായിക നേതാക്കളും റാലിക്ക് നേതൃത്വം നൽകി.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്നും 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് നിയമം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന കാലതാമസത്തെ ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ വിമർശിച്ചു. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടാനുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി സർക്കാരിന് സമർപ്പിക്കാനുള്ള നിവേദനവും പ്രതിഷേധക്കാർ തയാറാക്കി.
മതപരിവർത്തന നിരോധന നിയമത്തിനും ഗോവധ നിരോധന നിയമത്തിനും പുറമെ വിദ്വേഷ പ്രസംഗങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരേ കർശന നിയമനിർമാണം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മറ്റു വിവിധ രൂപതകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധറാലി നടന്നു. റാലിക്കുശേഷം അതത് ഡെപ്യൂട്ടി കമ്മിഷണർമാർക്കു മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സമർപ്പിച്ചു.
Tags : Anti conversion law Withdrawn Karnataka Freedom Park Minority organizations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash