മോണ്‍. പീറ്റര്‍ ഊരാളിലിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മിക
മോനിപ്പള്ളി: കോട്ടയം അതിരൂപതയിലെ വൈദികനും പ്രമുഖ വചന പ്രഘോഷകനും സാമൂഹ്യപ്രവര്‍ത്തകനും മികച്ച അധ്യാപകനുമായിരുന്ന മോണ്‍. പീറ്റര്‍ ഊരാളിലിന്റെ 25-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഇന്നലെ രാവിലെ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
25ലധികം വൈദികര്‍ സഹകാര്‍മികരായി. തുടര്‍ന്ന് കബറിടത്തിങ്കല്‍ നടന്ന അനുസ്മരണ പ്രാര്‍ഥനകള്‍ക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണം സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. സഹായമെത്രാൻ ഗീവര്‍ഗീസ് മാര്‍ അപ്രേം, ജസ്റ്റീസ് സിറിയക് ജോസഫ്, ഫാ. ജോസ് കുറുപ്പന്തറ, ഫാ. ജോസഫ് നെടുങ്ങാട്ട്, സിസ്റ്റര്‍ ബെസി എസ്ജെസി, ബേബി ഊരാളില്‍, പീറ്റര്‍ ഊരാളില്‍ എന്നിവര്‍ പ്രസംഗിച്ചു.
കരുതലും കാരുണ്യവും ചൊരിഞ്ഞ പുണ്യചരിതനായ വ്യക്തിയായിരുന്നു മോണ്‍. പീറ്റര്‍ ഊരാളിലെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ അനുസ്മരിച്ചു. ഇടവകകളിലും ക്രിസ്തീയ കൂട്ടായ്മകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്യവേ അനേകായിരങ്ങളെ പ്രചോദിപ്പിക്കാന്‍ മോണ്‍. പീറ്റര്‍ ഊരാളിലിനു സാധിച്ചിരുന്നു.
ഉത്തമനായ വൈദികന്, അനേകായിരങ്ങള്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നതിനൊപ്പം ശിഷ്യഹൃദയങ്ങളില്‍ ഇടം തേടിയ അധ്യാപകന്, തന്ത്രശാലിയും പ്രഗത്ഭനുമായ സ്ഥാപനമേധാവി, അജഗണങ്ങളെ അധ്യാത്മിക പാതയില്‍ നയിക്കുന്ന ഇടവക വികാരി, മികച്ച സംഘാടകന്‍, ആതുരരുടെ ആലംബകേന്ദ്രം, വീട്ടുവീഴ്ചയില്ലാത്ത മൂല്യബോധത്തിന് ഉടമ, കണ്ടുമുട്ടുന്നവരുടെ പ്രിയങ്കരനായ സുഹൃത്ത് തുടങ്ങി എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു മോണ്‍. പീറ്റര്‍ ഊരാളിലെന്നും പ്രസംഗിച്ചവര്‍ അനുസ്മരിച്ചു.
Tags : Death anniversary Commemoration Kottayam Archdiocese Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash