പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്തു പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന് പുതിയ മാർഗരേഖയുമായി പൊലിസ്. പ്രതിഷേധസമയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതും ഉൾപ്പടെയുള്ള നിർദേശങ്ങളടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന്റെ (എസ്ഒപി) കരട് ഡൽഹി പൊലിസ് തയാറാക്കി.
പുതിയ നിർദേശപ്രകാരം രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രതിഷേധങ്ങൾ അനുവദിക്കൂ.
പരമാവധി 50,000 പേർക്കായിരിക്കും പ്രവേശനം. പ്രതിഷേധവേദിയിലെ സുരക്ഷയും ഭരണപരമായ ക്രമീകരണങ്ങളും ഏകീകൃത ചട്ടക്കൂടിനു കീഴിൽ കൊണ്ടുവരികയാണ് പുതിയ മാർഗരേഖയുടെ ലക്ഷ്യം.
പ്രതിഷേധം സംഘടിപ്പിക്കാൻ കുറഞ്ഞത് പത്തു ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരൽ സംഘടിപ്പിക്കുന്നതിനുമുമ്പ് വേദി ലഭ്യമാണെന്ന സാക്ഷ്യപത്രം ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ (എംസിഡി) നിന്നു സംഘാടകർ വാങ്ങണമെന്നും കരട് നിർദേശിക്കുന്നു.
നിർദേശങ്ങൾ ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെന്നും അംഗീകാരത്തിനായി പൊലിസ് ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്നും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ 11ന് ജന്തർ മന്തറിനെ ഡൽഹിയിലെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവ മാത്രമാണു പ്രതിഷേധങ്ങൾക്ക് അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
Tags : Restrictions Protests Ramlila Maidan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Delhi