താൻ മെത്രാൻ ശുശ്രൂഷ ആരംഭിച്ച ചിക്ലായോ സെന്റ് മേരീസ് കത്തീഡ്രലിൽ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടം അണിയിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പ.
ചിക്ലായോ (പെറു): പെറു സന്ദർശനത്തിന്റെ നാലാം ദിനത്തിൽ, താൻ മെത്രാൻ ശുശ്രൂഷ ആരംഭിച്ച ചിക്ലായോ സെന്റ് മേരീസ് കത്തീഡ്രലിൽ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടം അണിയിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. പത്രോസിന്റെ പിൻഗാമിയായുള്ള തന്റെ ജീവിതവും ശുശ്രൂഷയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമർപ്പിക്കുന്നുവെന്ന് മാർപാപ്പ പ്രാർഥിച്ചു.
2015ൽ അന്നത്തെ ബിഷപ് റോബർട്ട് പ്രെവോസ്റ്റ് ചിക്ലായോ രൂപതയുടെ ഇടയനായി ചുമതലയേറ്റത് ഇതേ കത്തീഡ്രലിൽ വച്ചായിരുന്നു. 2023ൽ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ മെത്രാന്മാർക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടായി നിയമിക്കുന്നതുവരെ അദ്ദേഹം ഇവിടെ സേവനമനുഷ്ഠിച്ചു.
പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിൽ കിരീടം അണിയിക്കുന്നത് അതീവ പ്രാധാന്യമുള്ള ചടങ്ങാണെന്ന് മാർപാപ്പ വിശേഷിപ്പിച്ചു. “സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി ദൈവത്താൽ ഉയർത്തപ്പെട്ടവളും ചിക്ലായോയുടെ സ്നേഹനിധിയായ അമ്മയും മധ്യസ്ഥയുമായ പരിശുദ്ധ കന്യകാമറിയത്തിന്, മാർപാപ്പയും നിങ്ങളും ആഗോള സഭയും ചേർന്നു നൽകുന്ന കൃതജ്ഞതയുടെയും പുത്രസഹജമായ സ്നേഹത്തിന്റെയും പ്രതീകമാണ് ഈ കിരീടം” - അദ്ദേഹം പറഞ്ഞു.
സമൃദ്ധമായ ജീവന്റെയും സത്യത്തിന്റെയും ഉറവിടമായ യേശുവിലേക്കുള്ള സുരക്ഷിതമായ പാത പരിശുദ്ധ മറിയം എപ്പോഴും നമുക്ക് കാണിച്ചുതരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നേഹവും അനുകമ്പയും നിറഞ്ഞ ഒരു ലോകത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
തന്റെ മുൻ രൂപത ആസ്ഥാനത്തു മടങ്ങിയെത്തിയ മാർപാപ്പയ്ക്ക് വികാരനിർഭരമായ വരവേല്പാണു ലഭിച്ചത്. കത്തീഡ്രലിനു ചുറ്റുമുള്ള തെരുവുകളിൽ ആയിരക്കണക്കിനു വിശ്വാസികളാണ് തടിച്ചുകൂടിയത്.
രൂപതയിലെ 140ഓളം വൈദികർക്കൊപ്പം അത്താഴവിരുന്നിലും പങ്കെടുത്ത മാർപാപ്പ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. ഇടവകകളെ സജീവമാക്കാനും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും നിലകൊള്ളാനും വൈദികരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് ചിക്ലായോയ്ക്കു കിഴക്കുള്ള ചെറുപട്ടണമായ സാന്താ ക്രൂസ് ഡി സുച്ചബാംബയിലേക്ക് പുറപ്പെട്ടു. അവിടെ വിശുദ്ധ കുർബാന അർപ്പിക്കും. വിശുദ്ധ ടൊറിബിയോയുടെ ജൂബിലിവർഷ സമാപന ചടങ്ങുകളിലും പങ്കെടുത്തശേഷം മാർപാപ്പ ചിക്ലായോയിലേക്ക് മടങ്ങും. തുടർന്ന് പ്രദേശത്തെ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുക്കും. 12 ദിവസത്തെ ലാറ്റിനമേരിക്കൻ സന്ദർശനം പൂർത്തിയാക്കി നാളെ വൈകുന്നേരം മാർപാപ്പ റോമിലേക്ക് മടങ്ങും.
വെള്ളിയാഴ്ച രാവിലെ ചിക്ലായിലെ പമ്പാസ് ഡി പിമെന്റലിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ അഞ്ചു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് സാന്തോ ടൊറിബിയോ കത്തോലിക്ക സർവകലാശാലയിലെ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തു.
Tags : Chiclayo Cathedral Blessed Mother Episcopal ministry Peru St. Marys Cathedral Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash