പുനലൂര്‍: വിളക്കുവെട്ടം നെയ്ത്തുമുക്ക് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. വിന്‍സെന്റ് ചരുവിള കൊടിയേറ്റി. സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയും നടന്നു. തിരുനാളിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി ജപമാല, സന്ധ്യാപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, നൊവേന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ നടക്കും.
ഇന്ന് മുതല്‍ എട്ടുവരെ വൈകുന്നേരം അഞ്ചിന് ജപമാല, സന്ധ്യാപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നിവയുണ്ടാവും.
നാലിന് കരവാളൂര്‍ മലങ്കര കത്തോലിക്കാ പള്ളി അസിസ്റ്റന്റ് വികാരി ഫാ.ഡാനി പുതുമനയുടെ നേതൃത്വത്തില്‍ വചനപ്രഘോഷണംവും ദിവ്യകാരുണ്യ ആരാധനയും നടക്കും. അഞ്ചിന് പുതുശേരി ഭാഗം മലങ്കര കത്തോലിക്കാപള്ളി വികാരി ഫാ. തോമസ് മരോട്ടിമുട്ടിലിന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും.
ആറിന് ഭക്തസംഘടനകളുടെ വാര്‍ഷികം നടക്കും. കറവൂര്‍ മലങ്കര കത്തോലിക്ക പള്ളി അസോസിയേറ്റ് വികാരി ഫാ.ഹാനോക്ക് വാലുതുണ്ടില്‍ അധ്യക്ഷനാകും. ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വൈദികന് ഫാ.ജോബിന് കറുകയില്‍ കാര്‍മികത്വ വഹിക്കും. തുടര്‍ന്ന് നൊവേനയും റാസയും നടക്കും.
റാസ ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് കല്ലാര്‍, 12 ഏക്കര്‍, സ്നേഹപുരം, മാര്‍ത്തോമ ചര്‍ച്ച് പാഴ്സണേജ്, വട്ടക്കുണ്ടയം വഴി തിരിച്ചെത്തും. തിരുനാള്‍ദിനമായ എട്ടിന് പട്ടാഴി മലങ്കര കത്തോലിക്കാപള്ളി വികാരി ഫാ. മാത്യു മരോട്ടിമുട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും.
തുടര്‍ന്ന് നൊവേന, കൊടിയിറക്ക്, നേര്‍ച്ചവിളമ്പ് എന്നിവയും നടക്കുമെന്ന് ഇടവക സെക്രട്ടറി ഫ്രാന്‍സിസ് കുര്യന്, ട്രസ്റ്റി പ്രിനോ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.