തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയിൽ നാല് പ്രതികളെ പിടികൂടിയെന്നും ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുൾ ബി. കൃഷ്ണ. കൂടാതെ ഒരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് ഒരു ഗോൾഡ് ബാർ ആണ് ലഭിച്ചത്.
അനിൽ, ആന്റണി, അനൂപ് എന്നിവരാണ് പിടിയിലായവർ. വയനാട് പടിഞ്ഞാറേത്തറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. വാഹനം വിശദമായി പരിശോധിച്ചു വരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി. വയനാട് ആറുപേരാണ് കസ്റ്റഡിയിലുള്ളത്. അനിൽ എന്ന ആളുടെ വാഹനമാണ് പിടികൂടിയിട്ടുള്ളത്. അനിൽ തിരുവനന്തപുരം സ്വദേശി ആണെങ്കിലും ഇപ്പോൾ എറണാകുളത്താണെന്നും കമ്മീഷണര്‍ പറഞ്ഞു.
ഫോർട്ട് പൊലിസ് സ്റ്റേഷനിലുള്ളത് സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ആളാണ്. തിരുവനന്തപുരത്തുനിന്ന് പിടിയിലായവർ സംശയനിഴലിലാണ്. കൂടുതൽ പ്രതികൾ ഉണ്ടായേക്കാം. സ്വർണം പൊട്ടിക്കൽ സംഘവുമായി പ്രതികൾക്ക് ബന്ധം ഉണ്ടോയെന്ന് വിശദമായ ചോദ്യംചെയ്യലിലെ വ്യക്തമാകൂയെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 12ന് രാത്രിയിലാണ് ചാലയിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ പക്കൽനിന്ന് പ്രതികൾ സ്വർണം കവർന്നത്. രാത്രി ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം സ്വർണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാറിൽ കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതികളെ പൊലിസ് പിടികൂടിയത്.
Tags : smuggle gold Chala vaishnavi jewellery Karnataka escapes arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash