Kerala
അമ്പലപ്പുഴ: യാത്രയ്ക്കിടെ കാറിന് തീപിടിച്ചു. ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. ദേശീയ പാതയിൽ പുന്നപ്ര പറവൂരിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കരുവാറ്റയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ കാറിൽനിന്ന് പുക ഉയരുകയായിരുന്നു. ഉടൻതന്നെ കാർ നിർത്തി ദമ്പതികൾ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
ആലപ്പുഴയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
പത്തനംതിട്ട: നാലുവയസുള്ള മകനുമായി സ്വകാര്യ ബസിന് മുന്നില് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് പിതാവ്. തിങ്കളാഴ്ച രാവിലെ 9.30ന് അടൂര് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം.
ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് ബസ് നിർത്തിയതിനെത്തുടർന്ന് രണ്ടുപേരും രക്ഷപ്പെട്ടു. റോഡരികിലൂടെ മകനുമൊപ്പം വന്നയാൾ പെട്ടെന്ന് റോഡിന്റെ മധ്യത്തിലേക്കിറങ്ങി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അടൂര്-ചവറ റൂട്ടില് സര്വീസ് നടത്തുന്ന 'അശ്വിന്' എന്ന ബസിന്റെ മുന്നിലായിരുന്നു ആത്മഹത്യാശ്രമം. ഡ്രൈവർ ഉണ്ണികൃഷ്ണൻ പെട്ടെന്ന് ബസ് നിർത്തിയതിനാൽ അപകടം ഒഴിവായി. സംഭവം കണ്ട് ആളുകള് ഓടിക്കൂടിയതോടെ ഇയാള് കുട്ടിയെയും കൊണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ആദിക്കാട്ടുക്കുളങ്ങര സ്വദേശിയായ 45കാരനാണ് കുട്ടിയുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയ്ക്കും മകനും ഒപ്പം രാവിലെ അടൂര് ജനറല് ആശുപത്രിയില് എത്തിയതാണെന്നും എന്നാല്, ആശുപത്രിയില്വച്ച് ഭാര്യയെ കാണാതായെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ഭാര്യയെ കാണാതായതിന്റെ മനോവിഷമത്തിൽ ബസിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽച്ചാടി. ബാലമുരുകൻ എന്ന തടവുകാരനാണ് ജയിൽ ചാടിയത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു ജയിൽ ചാടുമ്പോഴുള്ള വേഷം.
പോലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുകയാണ്. തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിടെയാണ് ജയിൽ ചാടിയത്. ഒരു വർഷം മുൻപും ബാലമുരുകൻ ജയിൽ ചാടിയിരുന്നു.
അധികദൂരം കടന്നു കളയാനുള്ള സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. ഒരു കാറിൽ ബാലമുരുകൻ രക്ഷപ്പെട്ടുവെന്ന തരത്തിൽ ഒരു സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ബാലമുരുകനെന്ന് പോലീസ് പറയുന്നു.
Kerala
കൊല്ലം: മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വെച്ചാണ് സംഭവം.
ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്. തിരുവനന്തപുരം പാലോട് പൊലീസ് പ്രതികളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു.
കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന് വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികൾ ഓടിപ്പോയത്.
കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.