പാണ്ടിരാജിനെ ആന ഓടിക്കുന്നു
മൂന്നാര്‍: പിന്തുടര്‍ന്ന് ഓടിച്ച കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശിയായ പാണ്ടിരാജ് ആണ് ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.
എസ്‌റ്റേറ്റിലെ വീടിനോടു ചേര്‍ന്നുള്ള തേയിലക്കാട്ടില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആനയെ കണ്ടത്. രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. വീടിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടിയില്‍ ഇതില്‍ ഒരു ആന അലറി പിന്നാലെ പാഞ്ഞടുക്കുകയായിരുന്നു.
വേഗത്തില്‍ ഓടിയ ആന തൊട്ടുപിന്നാലെ ഓടിയെത്തിയെങ്കിലും പാണ്ടിരാജ് വീടിനു മുമ്പിലെ ഗേറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച് എസ്‌റ്റേറ്റില്‍ തന്നെ കഴിഞ്ഞുവരുന്നതിനിടയിലാണ് ആനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടുന്നത്.
സമീപവാസി ആന ഓടിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ നിരവധി പേരാണ് ആശങ്കയോടെ ഈ ദൃശ്യം കണ്ടത്. പട്ടാപ്പകല്‍ ആനയുടെ ആക്രമണ ശ്രമം ഉണ്ടായതോടെ കന്നിമല എസ്‌റ്റേറ്റില്‍ താമസിക്കുന്ന എസ്‌റ്റേറ്റ് തൊഴിലാളികള്‍ പരിഭ്രാന്തിയിലാണ്.
മൂന്നാറില്‍ ആന സാന്നിധ്യം നിരന്തരം ഉള്ള എസ്റ്റേറ്റ് പ്രദേശങ്ങളില്‍ ഒന്നാണ് കന്നിമല. ആന ആക്രമണത്തെ ചെറുക്കാന്‍ വനം വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണാത്ത അവസ്ഥയാണ് നിലവിലുള്ളത്.
Tags : Worker Escapes Elephant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs