വിനോദസഞ്ചാര കേന്ദ്രത്തിൽ യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ
പാറ്റ്ന: ബിഹാറിലെ ബാങ്കയിൽ വിനോദസഞ്ചാര കേന്ദ്രമായ മന്ദർ ഹില്ലിൽ യുവതിയെ ഒരു സംഘം യുവാക്കൾ അപമാനിക്കുകയും മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലിസ് കേസെടുത്തു. ആറ് പേർക്കെതിരെയാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സെപ്റ്റംബർ മൂന്നിനാണ് സംഭവം നടന്നതെങ്കിലും സെപ്റ്റംബർ 22-ഓടെയാണ് സമൂഹമാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെരുപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. പ്രദേശത്തെ വ്യാപാരികളെയും നാട്ടുകാരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളെയും യുവതിയെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ജമൂയിയിലും സമസ്തിപൂരിലും വിദ്യാർഥികൾക്ക് നേരെ അതിക്രമം നടത്തിയ സംഭവങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ആഴ്ചയ്ക്കിടെ ബിഹാറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്.
Tags : Deepika BreakingNews WomanAssault Police