വാഷിംഗ്ടൺ ഡിസി: ഇടവേളകളില്ലാതെ 286 ദിവസം കടലിൽ തുടരുകയായിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിലെ സേനാംഗങ്ങളിൽ എട്ടു പേർ ആത്മഹത്യാശ്രമം നടത്തിയതായി ആക്ടിംഗ് നേവി സെക്രട്ടറി ഹംഗ് കാവോയുടെ വെളിപ്പെടുത്തൽ. ഡെമോക്രാറ്റ് പാർട്ടിക്കാരിയായ സെനറ്റംഗം കേഴ്സറ്റൻ ജിലിബ്രാൻഡിന്റെ ചോദ്യത്തിനു മറുപടിയായുള്ള കത്തിലാണ് വിമാനവാഹിനി കപ്പലിലെ ആത്മഹത്യാശ്രമങ്ങളെപ്പറ്റിയുള്ള വിവരം പങ്കുവച്ചത്. എട്ടു പേരിൽ രണ്ടു പേർ കടലിൽ ചാടിയാണു ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇറാനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെട്ട് ദീർഘകാലം കടലിൽ കഴിയേണ്ടിവന്ന അമേരിക്കയുടെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന കപ്പലിലെ സേനാംഗങ്ങളാണ് ആത്മഹത്യാശ്രമം നടത്തിയത്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഈ വിമാനവാഹിനി കപ്പലിലെ 5,000ത്തോളം വരുന്ന നാവികരും മറൈനുകളും കഴിഞ്ഞവർഷം നവംബർ 21നാണ് പസഫിക് മേഖലയിലെ വിന്യാസത്തിനായി പുറപ്പെട്ടത്. 2026 മേയ് മാസത്തോടെ ദൗത്യം പൂർത്തിയാക്കി മടങ്ങേണ്ടതായിരുന്നു.
കരകാണാതെയും ഇടവേളയെടുക്കാതെയും സേനാംഗങ്ങളുടെ മാനസികാരോഗ്യം മോശമായതായും കപ്പലിൽ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായതായും റിപ്പോർട്ടുകൾ വന്നു. തുടർന്ന് സേനാംഗങ്ങൾക്ക് ഉല്ലാസവേളയൊരുക്കാനായി കപ്പൽ ഈ മാസം ഏതാനും ദിവസത്തേക്ക് തായ്ലൻഡിലെ പ്രശസ്തമായ ടൂറിസം കേന്ദ്രമായ പട്ടായയ്ക്ക് സമീപമുള്ള ലാം ചാബാംഗിൽ നങ്കൂരമിട്ടിരുന്നു. ഇനിയും പലയിടത്തു തങ്ങിയ ശേഷമാകും കലിഫോർണിയയിലേക്കുള്ള മടക്കം.
Tags : sea without break US Navy attempted suicide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews