ഗ്യാനേഷ് കുമാർ.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പൊതുപരിപാടികൾ റദ്ദാക്കി. ഉത്തർപ്രദേശിലെ മീററ്റിൽ യുവാക്കളെയും ബൂത്ത് ലെവൽ ഓഫീസർമാരെയും പങ്കെടുപ്പിച്ച് നടത്താനിരുന്ന ഗ്രാൻഡ് ഡയലോഗ് പരിപാടിയാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച വാരാണസിയിൽ നടത്താനിരുന്ന പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ തർക്കം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ സിഇസിക്ക് രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് നാടകീയ നീക്കങ്ങൾ അരങ്ങേറുന്നത്.
കഴിഞ്ഞ പത്തുമാസത്തിനിടെ വോട്ടർപട്ടികയിൽനിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ കത്തുകൾ നൽകിയിരുന്നു. കോടിക്കണക്കിന് പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കത്തുകൾ.
വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി, മമത ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
Tags : GyaneshKumar ChiefElection Commissioner ElectionCommissionOfIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash