പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജിയിലുള്ള ഡിഡിഎ ആസ്ഥാ കുഞ്ച് പാർക്കിൽ കൗമാരക്കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ ഡൽഹി പൊലിസ് 12 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പാർക്കിലെ സെക്യൂരിറ്റി ഗാർഡുകൾ, സമീപത്തുള്ള എൽപിജി ഗോഡൗണിലെ ജീവനക്കാർ എന്നിവരിൽ നിന്നാണ് പൊലിസിന്റെ വിവരശേഖരണം.
കേസിൽ അറസ്റ്റിലായ ആസിഫ്, ഹേമന്ത് എന്നീ പ്രതികൾ മുൻപും പാർക്കിൽ എത്തുന്നവരെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് എൽപിജി ഗോഡൗൺ ജീവനക്കാരും ഗാർഡുകളും പൊലിസിന് മൊഴി നൽകി. സംഭവ ദിവസവും ഇവരെ പാർക്കിന് സമീപം കണ്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.
കൃത്യത്തിന് ശേഷം ഒന്നാം പ്രതി ആസിഫ് പച്ചക്കറി വിൽപന നടത്തുന്ന ഓഖ്ല മണ്ഡിയിലേക്ക് പോവുകയും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. മറ്റ് പ്രതികളായ മുകേഷ്, ഹേമന്ത് എന്നീ സഹോദരങ്ങൾ സംഭവത്തിന് ശേഷം ഒരു ഹോട്ടലിൽ പോവുകയും തുടർന്ന് ശ്രീനിവാസ്പുരിയിലെ വീട്ടിലെത്തി തെളിവ് നശിപ്പിക്കുന്നതിനായി വസ്ത്രങ്ങൾ കഴുകുകയും ചെയ്തു.
അറസ്റ്റിലായ ആസിഫിൽ നിന്ന് തോക്ക്, കത്തി, കോണ്ടം എന്നിവ പൊലിസ് കണ്ടെടുത്തു. വധശ്രമത്തിനും കൂട്ടമാനഭംഗത്തിനും പുറമെ ആസൂത്രിത ഗൂഢാലോചനയ്ക്കുള്ള വകുപ്പുകൾ കൂടി എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സ്ത്രീകളെ ലക്ഷ്യമിട്ടാണോ പ്രതികൾ പാർക്കിലെത്തിയതെന്ന് പൊലിസ് പരിശോധിച്ച് വരികയാണ്.
Tags : Delhigangrape Kalkajipark DDAAastha Kunj DelhiPolice witnessstatements criminalconspiracy