ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാനായുള്ള അമേരിക്കൻ സന്ദർശന സമയം കടുത്ത സുരക്ഷാ കാരണങ്ങളാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെട്ടിച്ചുരുക്കി. വ്യാഴാഴ്ച യുഎസിലെത്തിയ നെതന്യാഹു ഏകദേശം ആറ് മണിക്കൂർ മാത്രം അവിടെ ചെലവഴിച്ച ശേഷം അന്ന് വൈകിട്ട് തന്നെ ഇസ്രായേലിലേക്ക് മടങ്ങി.
ബുധനാഴ്ച രാത്രി ഇസ്രായേലിൽ നിന്ന് തിരിച്ച നെതന്യാഹു, വ്യാഴാഴ്ച രാവിലെയാണ് ന്യൂജേഴ്സിയിലെ സൈനിക വിമാനത്താവളത്തിൽ ഇറങ്ങിയത്. അവിടെനിന്ന് മാൻഹാട്ടനിലെത്തി യുഎൻ ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഉടൻ തന്നെ മടങ്ങുകയായിരുന്നു.
ഈ ഹ്രസ്വ സന്ദർശനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായോ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായോ നെതന്യാഹു കൂടിക്കാഴ്ച നടത്തിയില്ല. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക നടപടികളിൽ പ്രതിഷേധിച്ച് ന്യൂയോർക്കിൽ വൻ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് അതീവ ജാഗ്രതയിലായിരുന്നു ഇസ്രായേൽ സുരക്ഷാ ഏജൻസികൾ.
നെതന്യാഹുവിനെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാൻ യുഎസ് അധികൃതർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.
Tags : BenjaminNetanyahu UNGeneralAssembly USvisitcutshort securityconcerns ZohranMamdani ICCarrestwarrant