പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ന്യൂയോർക്ക്: അമേരിക്ക യാത്രാ വിസ നിഷേധിച്ചതിനെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ റിക്കാർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പ്രസംഗിച്ച് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. തുടർച്ചയായ രണ്ടാം വർഷമാണ് യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലേക്ക് പോകാൻ മഹ്മൂദ് അബ്ബാസിന് യുഎസ് വിസ നിഷേധിക്കുന്നത്.
അമേരിക്കയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് വീഡിയോയിലൂടെ സംസാരിച്ച അബ്ബാസ്, പലസ്തീൻ ജനതയുടെ അവകാശങ്ങളെ തളർത്താൻ ഇത്തരത്തിലുള്ള നടപടികൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കി. "ഞങ്ങൾ ഞങ്ങളുടെ മാതൃഭൂമി ഉപേക്ഷിച്ചു പോകില്ല, കുടിയൊഴിപ്പിക്കപ്പെടാൻ അനുവദിക്കില്ല, ഞങ്ങളുടെ ഭാവി മറ്റാരെങ്കിലും തീരുമാനിക്കുന്നത് അംഗീകരിക്കുകയുമില്ല" എന്ന് പ്രസംഗത്തിൽ അബ്ബാസ് ഊന്നിപ്പറഞ്ഞു.
പലസ്തീൻ അതോറിറ്റിയും അനുബന്ധ സംഘടനകളും അന്താരാഷ്ട്ര തലത്തിൽ മുൻ കരാറുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസ നിഷേധിച്ചത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾക്കും യുദ്ധങ്ങൾക്കും നേരെ ലോകരാജ്യങ്ങളും അമേരിക്കയും തുടരുന്ന മൗനത്തെയും ഇസ്രയേലിന് ആയുധം നൽകുന്നതിനെയും അബ്ബാസ് രൂക്ഷമായി വിമർശിച്ചു.
Tags : Mahmoud Abbas UN General Assembly US Visa Denial Palestine Authority Video Speech