ന്യൂയോർക്ക്: പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കമുള്ള പലസ്തീൻ പ്രതിനിധി സംഘത്തിന് യുഎൻ പൊതുസഭാ സമ്മേനളത്തിൽ പങ്കെടുക്കാൻ ഇക്കുറിയും അമേരിക്കൻ അനുമതിയില്ല. ന്യൂയോർക്കിലെ സമ്മേനളത്തിനെത്താൻ എണ്‍പതോളം പലസ്തീൻ പ്രതിനിധികൾക്ക് വീസ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
ഇസ്രയേലുമായി സമാധാനം സ്ഥാപിക്കാനുള്ള ഉടന്പടി പലസ്തീൻ പാലിക്കാത്തതിന്റെ പേരിലാണു നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദീകരിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയിലും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും ഇസ്രയേലിനെതിരേ പലസ്തീൻ അതോറിറ്റി നിയമനടപടികൾ തുടരുന്നു. ഇസ്രയേലിൽ തടവനുഭവിക്കുന്ന പല്സീതികളുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 22ന് യുഎന്നിൽ ആരംഭിക്കുന്ന ലോക നേതാക്കളുടെ പൊതു സംവാദത്തിൽ പങ്കെടുക്കാനാണ് പലസ്തീൻ പ്രസിഡന്റ് അബ്ബാസും സംഘവും വീസയ്ക്കപേക്ഷിച്ചത്.
അമേരിക്കയിലെ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷവും പലസ്തീൻ പ്രതിനിധികൾക്ക് യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ വീസ അനുവദിച്ചിരുന്നില്ല.
അതേസമയം, പലസ്തീൻ നയതന്ത്രപ്രധിനികൾക്ക് വിലക്കുണ്ടായിരുന്നില്ല. അബ്ബാസ് കഴിഞ്ഞ വർഷം വീഡിയോ ലിങ്കിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. ഇക്കുറിയും അദ്ദേഹം ഈ മാർഗത്തിലായിരിക്കും പ്രസംഗിക്കുക.