നന്ദു
കൊല്ലം: സ്ത്രീധനത്തിന്‍റെ പേരിൽ വിദേശത്തുവച്ച് ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നീണ്ടകര സ്വദേശി നന്ദുവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഷാഡോ പൊലിസ് കസ്റ്റഡിയിലെടുത്തത്.
വിദേശത്തായിരുന്ന പ്രതിക്കായി പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 27നായിരുന്നു പുത്തൻതുറ സ്വദേശിയായ അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ മാനസിക പീഡനം ആരംഭിച്ചതായി അഞ്ജുവിന്‍റെ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് സൗദിയിലെ ജോലിസ്ഥലത്തേക്ക് നന്ദു അഞ്ജുവിനെ ഒപ്പം കൂട്ടുകയായിരുന്നു.
ഇവിടെവച്ച് കുക്കർ, ലാപ്ടോപ് ചാർജർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നന്ദു തന്നെ നിരന്തരം മർദിച്ചതായി യുവതി പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. ക്രൂരമർദനത്തെത്തുടർന്ന് ദേഹമാസകലം പരുക്കേറ്റ അഞ്ജു സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തുകയും പൊലിസിൽ പരാതി നൽകുകയുമായിരുന്നു.
പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദേശത്തുനിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഉടനെയാണ് ഷാഡോ പൊലിസ് പ്രതിയെ പിടികൂടിയത്.
Tags : Dowry Assaulted Husband Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash