ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകളും വോട്ടർപട്ടികയിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ഗ്യാനേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നുകൊണ്ടും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണു പ്രതിപക്ഷ പാർട്ടികൾ.
തെരുവ് പ്രതിഷേധങ്ങൾക്കും വാർത്താസമ്മേളനങ്ങൾക്കുമപ്പുറം വിഷയം പാർലമെന്റിലേക്ക് എത്തിക്കാനാണു പ്രതിപക്ഷ നീക്കം. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഉടൻതന്നെ പുതിയ നോട്ടീസ് നൽകിയേക്കും. സമാനമായ ആവശ്യവുമായി 73 പ്രതിപക്ഷ എംപിമാർ ഏപ്രിൽ 24ന് സമർപ്പിച്ച നോട്ടീസ് നിലവിൽ രാജ്യസഭയുടെ പരിഗണനയിലാണ്.
കോൺഗ്രസ് മാർച്ച് ഇന്ന്
ഗ്യാനേഷ് കുമാറിനെ ഉടൻ അറസ്റ്റ് ചെയ്ത് സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നും അദ്ദേഹത്തിനു കീഴിൽ എടുത്ത തീരുമാനങ്ങളും വോട്ടർപട്ടികയിലെ മാറ്റങ്ങളും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തും. രണ്ടാം ഘട്ടമായി 28ന് കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ഇടതുപക്ഷ പ്രക്ഷോഭം നാളെ മുതൽ
നാളെ മുതൽ ഒക്ടോബർ രണ്ടുവരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ രാജി സമർപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ സോഷ്യൽ മീഡിയ കാമ്പയിനും പാർട്ടി ആരംഭിച്ചു.
നിയമനടപടികളും പരാതികളും
സഹപ്രവർത്തകരുടെ എതിർപ്പ് അവഗണിച്ച് കമ്മിഷന്റെ പേരിൽ തീരുമാനങ്ങളെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്ക് അധികാരമില്ലെന്നും ഇത് ക്രിമിനൽ കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പൊലിസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരേ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകർ അറ്റോർണി ജനറലിന്റെ അനുമതി തേടി. സിഇസിയുടെ ഏകപക്ഷീയ നിലപാടുകൾ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ രംഗത്തെത്തിയത്.
Tags : Protests ChiefElectionCommissioner GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash