പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിപിഎമ്മിൽ കഴിഞ്ഞ പത്തുവർഷത്തെ ഭരണവും നേതൃതലത്തിലെ പരാജയവും വരുത്തിയ കേടുപാടുകൾ കണ്ടെത്തി തിരുത്തലിനുള്ള വലിയ ശ്രമത്തിലാണു പാർട്ടി. എന്നാൽ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കുന്ന മാസപ്പടി ആരോപണം സിപിഎമ്മിനെ രാഷ്ട്രീയമായി വല്ലാതെ ദുർബലപ്പെടുത്തുകയാണ്.
തിരുത്തലും കരുതലും
മാസപ്പടി ആരോപണത്തിൽ ഇപ്പോൾ കേരളത്തിലെ പാർട്ടിയുടെ അധിപനായ പിണറായി വിജയൻതന്നെ പൊലിസ് അന്വേഷണത്തിന്റെ പരിധിയിലാണ്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമൊക്കെ സിപിഎം പറയുന്നുണ്ടെങ്കിലും ലാവ്ലിൻ കേസ് സമയത്തു പിണറായിക്കു നൽകിയ പിന്തുണയുടെ അത്രയും ശക്തി ഇപ്പോൾ പോരാ. പാർട്ടിക്കു പറ്റിയ തെറ്റുകൾ തിരുത്തുകയെന്ന വലിയ കടന്പയോടൊപ്പം പിണറായി വിജയനെയും കുടുംബത്തെയും രാഷ്ട്രീയമായി സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും സിപിഎമ്മിനു മുന്നിലുണ്ട്.
മാസപ്പടി കേസിൽ ഇങ്ങനെയൊരു രാഷ്ട്രീയ പ്രതിസന്ധി സിപിഎം അഭിമുഖീകരിക്കുന്പോഴാണ് വീണുകിട്ടിയ അവസരമെന്ന നിലയിൽ യുഡിഎഫ് സർക്കാരിനെതിരേ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സ്പോൺസർ വിവാദം
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്പോണ്‍സേർഡ് വിമാനയാത്രയും പ്രതിപക്ഷത്തിന്റെ ഭാഷയിൽ പറഞ്ഞാൽ മന്ത്രിമാരുടെ മധുവിധുയാത്രയും സർക്കാരിനെ വിഷമത്തിലാക്കിയിട്ടുണ്ട്. ആരുടെ സഹായത്താലാണു വിമാനയാത്ര നടത്തിയതെന്നു പറയാൻ മുഖ്യമന്ത്രി ഇതുവരെയും തയാറായിട്ടില്ല. സ്പോണ്‍സറുടെ പേരുപറയുന്നതിൽ എന്തിനാണു മടിക്കുന്നതെന്നാണു കോണ്‍ഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും ചോദിക്കുന്നത്.
അനാവശ്യ വിവാദം
മുഖ്യമന്ത്രിയുടെ വിമാനയാത്രയേക്കാൾ വിവാദമുണ്ടാക്കിയതു കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലെ മറുപടിയാണെന്നാണു പരക്കെ അഭിപ്രായം. അധികാരത്തിലേറി നാലു മാസം മാത്രം പിന്നിട്ട ഒരു സർക്കാരിലെ മന്ത്രിമാർ വിദേശയാത്രയിലൂടെയും ആഡംബര വാഹനത്തിലെ ഔദ്യേഗിക യാത്രയിലൂടെയും അനാവശ്യവിവാദം സൃഷ്ടിച്ചെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെയും അഭിപ്രായം. സർക്കാർ-പാർട്ടി ഏകോപനത്തിന്റെ കുറവും ഇപ്പോഴത്തെ ഈ സ്പോണ്‍സേർഡ് യാത്രാ വിവാദത്തെ ബാധിച്ചിട്ടുണ്ടെന്നാണു കോണ്‍ഗ്രസിലെ പൊതുവിലയിരുത്തൽ.
വീണുകിട്ടിയ ആയുധം
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ ഉയർന്ന യാത്രാ വിവാദം ഭരണപക്ഷത്തിനെതിരേ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാരിനെതിരേ പ്രതീക്ഷിച്ച ഒരു എതിർവികാരം ഉണ്ടാക്കിയെടുക്കാൻ പ്രതിപക്ഷത്തിനു സാധിച്ചില്ല. പ്രതിപക്ഷ നേതാവും സിപിഎം നേതാക്കളും പാർട്ടി പരിപാടികളിൽ ഇതിനെതിരേ പറയുന്നുണ്ടെങ്കിലും ശക്തിപോരെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. സർക്കാരിനെതിരേ നിരന്തരം വിവാദങ്ങൾ ഉണ്ടായിട്ടും ഇടതുമുന്നണി യോഗം ഇതുവരെയും ചേർന്നിട്ടില്ല. ഇതിലെ അസ്വാരസ്യം സിപിഐ ഉൾപ്പടെയുള്ള പാർട്ടികളിൽ പ്രകടമാണ്.
മാസപ്പടി കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പുറകെയാണു സിപിഎമ്മെന്ന ആക്ഷേപം സിപിഐക്കുണ്ട്. നിയമസഭ സമ്മേളനം അടുത്തമാസം ചേരുകയാണ്. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമൊന്നുമായില്ല. സമ്മേളനത്തിനു മുന്‍പ് ഇക്കാര്യത്തിൽ തീരുമാനം വേണമെന്ന വാശി ഇപ്പോൾ സിപിഐക്കുമില്ല. തെറ്റുതിരുത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ടു കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതിക്കു പിന്നാലെ അതേ രൂപത്തിൽ ജില്ലാ കമ്മിറ്റികളും ചേരാൻ പോകുകയാണ്. സ്വാഭാവികമായും സിപിഎം നേതാക്കൾ അതിന്റെ തിരക്കിലാണ്. ഇങ്ങനെയൊരു വലിയ സംഘടനാ ഒരുക്കം നടക്കുന്നതിനിടെ സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പ്രതിപക്ഷത്തിനു കഴിയുന്നില്ലായെന്നുള്ളതാണു യാഥാർഥ്യം.
സ്വർണക്കൊള്ളക്കേസിലും മെല്ലപ്പോക്ക്
ശബരിമലയിലെ സ്വർണക്കൊള്ള കേസ് ദീർഘമായി വൈകുന്നതിൽ സർക്കാരിന് അതൃപ്തിയുണ്ട്. എന്നാൽ, കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലായതിനാൽ ഇടപെടുന്നതിലും സർക്കാരിനു പരിമിതി യുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള കേസ് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. ഇതിന്റെ ഗുണം അവർക്കു ലഭിക്കുകയും ചെയ്തു.
എന്നാൽ, കേസ് അനന്തമായി നീളുന്നതും സിപിഎം നേതാക്കളായ പ്രതികളെല്ലാം ജയിൽമോചിതരായതും പൊലിസിന്റെ വീഴ്ചയായാണു വിലയിരുത്തപ്പെടുന്നത്. ഇതിനിടെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അതിരാവിലെ വീട്ടിൽ പോയി കണ്ടതും രാഷ്ട്രീയ ഊഹാപോഹങ്ങൾക്കു വഴിവച്ചു. ഈ കേസിലെ മെല്ലെപ്പോക്കിലും നിലവിലെ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിലും മന്ത്രി കെ. മുരളീധരൻ വലിയ നീരസത്തിലാണ്. അതദ്ദേഹം പലതവണ പരസ്യമായി പ്രകടപ്പിച്ചിട്ടും പാർട്ടി തലത്തിലോ സർക്കാർ തലത്തിലോ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരിഭവത്തിലാണ് മുരളീധരൻ. പിഎംശ്രീക്കെതിരേ പ്രതിപക്ഷത്തിരുന്നപ്പോൾ കൈക്കൊണ്ട നിലപാട് അധികാരത്തിൽ വന്നപ്പോൾ ഉപേക്ഷിച്ചെന്ന ആക്ഷേപം പൊതുവെയുണ്ട്. മുസ്ലിംലീഗിനും ഇക്കാര്യത്തിൽ വൈഷമ്യം ഉള്ളതായാണ് അറിയുന്നത്.
Tags : MonthlyPayouts SponsoredTrips Crisis PoliticalFronts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash