പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: കേരളത്തിലെ സങ്കീർണതകൾ നിറഞ്ഞതും നൂറ്റാണ്ടോളം പഴക്കമുള്ളതുമായ ഭൂനിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ. 1963ലെ ഭൂപരിഷ്കരണ നിയമം കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള പഠനങ്ങളും ശിപാർശകളും സമർപ്പിക്കാൻ മുൻ ലാൻഡ് റവന്യു കമ്മീഷണർ എ.ടി. ജെയിംസ് അധ്യക്ഷനായ അഞ്ചംഗ സമിതി രൂപീകരിച്ചു.
ഭൂനിയമങ്ങൾ പരിഷ്കരിക്കുമെന്നു സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സമിതി രൂപീകരിക്കുന്നത്. നിസാര കാരണങ്ങളാൽ കർഷകരെ കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിടുന്നത് അവസാനിപ്പിക്കുന്നതിനും ഉപാധികളില്ലാത്ത ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കും.
തോട്ടഭൂമിയുടെ സ്വാഭാവിക അന്തരീക്ഷം നിലനിർത്തി വിള വൈവിധ്യവത്കരണത്തിന് അനുമതി നൽകുക, പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചിരിക്കുന്ന കർഷകരുടെ പട്ടയ തടസങ്ങൾ നീക്കുക എന്നിവയാണ് നിയമ പരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഭൂപരിഷ്കരണ നിയമത്തിൽ ആവശ്യമായ ഭേദഗതി നിർദേശിക്കുകയോ സമഗ്രമായ പുതിയ നിയമനിർമാണം കൊണ്ടുവരികയോ ചെയ്യാനുള്ള റിപ്പോർട്ടാണ് സമിതി സർക്കാരിന് സമർപ്പിക്കേണ്ടത്.
സമിതിയിലെ അംഗങ്ങൾ: മുൻ ഗവണ്മെന്റ് പ്ലീഡർ എൽ. അലോഷ്യസ് തോമസ് ലെന്തപറന്പിൽ, റിട്ട.ഡെപ്യൂട്ടി കളക്ടർ എം.എസ്. സാബു, ജോയിന്റ് സെക്രട്ടറിയിൽ താഴെയല്ലാത്ത നിയമ വകുപ്പ് പ്രതിനിധി. ലാൻഡ് ബോർഡ് സെക്രട്ടറിയാണ് മെന്പർ സെക്രട്ടറി.
Tags : Committee Reform LandLaws Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash