Kerala
കണ്ണൂർ: രാജ്യത്തെ സർവകലാശാലകളിലെ കായിക മേഖലയുടെ സമഗ്ര പരിഷ്കരണത്തിനായി രൂപം നൽകിയ ദേശീയ കമ്മിറ്റിയിലേക്ക് കണ്ണൂർ സർവകലാശാല കായിക വിഭാഗം മേധാവിയായ ഡോ. എം. പ്രവീണിനെ തെരഞ്ഞെടുത്തു.
രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നുള്ള പത്ത് കായിക വിദഗ്ധരാണ് സമിതിയിലെ അംഗങ്ങൾ. സർവകലാശാലാതലത്തിൽ കായികമേഖലയുടെ സമഗ്രവികസനത്തിനാവശ്യമായ ശിപാർശകൾ സമർപ്പിക്കുന്നതിനാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി സമിതിക്ക് രൂപം നൽകിയത്.
സർവകലാശാല തലത്തിൽ പ്രാതിനിധ്യം കുറവായ കായിക ഇനങ്ങൾ കണ്ടെത്തുക, മത്സര ഇനങ്ങളുടെ പുന:പരിശോധന, മത്സര നടത്തിപ്പുകളുടെ സുതാര്യത, കാര്യക്ഷമത തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വങ്ങൾ.
അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ സൗത്ത് സോൺ കൺവീനറായും ഡോ. എ പ്രവീൺ അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.രാജ്യത്തെ സർവകലാശാലാ നയരൂപീകരണത്തിലും, ഭരണപരമായ തീരുമാനങ്ങളിലും കണ്ണൂർ സർവകലാശാലയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ഈ നിയമനം വഴിതുറക്കുമെന്ന് ഡോ പ്രവീൺ പറഞ്ഞു.
Kerala
വൈപ്പിൻ : സർഫാസി നിയമമനുസരിച്ച് ജപ്തി ചെയ്ത വീട് ലേലത്തിൽ വാങ്ങിയ ആളെയും അമ്മയെയും സർഫാസി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചു എന്ന പരാതിയിൽ 13 പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ, സ്വദേശികളായ പി. ജെ. മാനുവൽ, സതീഷ്, പി.കെ. വിജയൻ, ടി.കെ. പുഷ്കരൻ, വാമനൻ, ശശി, വർഗീസ്, ദീപേഷ്, ഗിരീഷ്, കുമരൻ, വി.സി. ജെന്നി, സാവിത്രി, എളങ്കുന്നപ്പുഴ സ്വദേശി റോസിലി എന്നിവരാണ് അറസ്റ്റിൽ ആയത്.
കോടതിയിൽ ഹാജരാക്കിയ 13 പേരിൽ മുൻ വീട്ടുടമ റോസിലി, ജെന്നി, സാവിത്രി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. വീട് ലേലത്തിൽ വാങ്ങിച്ച ഞാറക്കൽ ഒളിപ്പറമ്പിൽ അബിൻ നൽകിയ പരാതിയിൽ ആയിരുന്നു അറസ്റ്റ്.
പെരുമാൾ പടിയിലുള്ള റോസിലിയുടെ വീടാണ് സർഫാസി നിയമ മൂലം ഒരു സ്വകാര്യ പണമിടപാട് കമ്പനി ജപ്തി ചെയ്ത് ലേലത്തിൽ വിറ്റത്. ഇതേ തുടർന്ന് സർഫാസി വിരുദ്ധ നേതൃത്വത്തിൽ വീടിനടുത്ത് സമരം നടക്കുന്നുണ്ട്. ഇതിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.
അതേസമയം ലേലത്തിൽ വീട് വാങ്ങിയ അബിൻ മുൻ താമസക്കാരിയായ റോസിലിയുടെ ആധാർ കാർഡും മറ്റു രേഖകളും മരുന്നുകളും വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയതാണ് പ്രശ്നത്തിന് കാരണമെന്ന് സമരസമിതിക്കാർ പറയുന്നു. ഇത് സംബന്ധിച്ച് റോസിലി ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ പോലീസുമായി ഒരു ചർച്ച നടന്നിരുന്നുവത്രേ. ഇതനുസരിച്ച് മുടക്കിയ പണം തിരികെ കൊടുത്താൽ വീട് ഒഴിഞ്ഞു തരാം എന്ന് വീട് ലേലത്തിൽ വാങ്ങിയ അബിൻ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു വത്രേ.
എന്നാൽ ഇതിനിടെ ബുധനാഴ്ച മുൻ വീട്ടുടമയുടെ സാധനങ്ങൾ അവിടെ നിന്ന് വീണ്ടും കടത്തിക്കൊണ്ട് പോയത്രേ. ഇത് ചോദ്യം ചെയ്ത സമരസമിതി പ്രവർത്തകർക്കാണ് യഥാർത്ഥത്തിൽ മർദ്ദനമേറ്റതെന്നും പോലീസ് കാര്യങ്ങൾ അന്വേഷിക്കാതെ കള്ള കേസ് എടുത്ത് തങ്ങളെ ജയിലിൽ അടക്കുകയായിരുന്നുവെന്നും സമരസമിതിക്കാർ ആരോപിക്കുന്നു.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കരിയക്കരയിൽ മുളങ്കുഴിയിൽ ജോണിയുടെ വീടിനടുത്ത് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ 100 മൂടിലേറെ കപ്പയും ചേനയും സാമൂഹ്യദ്രോഹികൾ നശിപ്പിച്ചതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം രാത്രിയിലാണു വീടിനു തൊട്ടടുത്ത സ്ഥലത്തെ വിളകൾ നശിപ്പിച്ചത്. കാട്ടുമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്നത് സാധാരണമാണെങ്കിലും കപ്പയും ചേനയുമൊക്കെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ കർഷകൻ ജോണി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയിരുന്നു.
കരിയക്കരയിൽ മദ്യപന്മാരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും ശല്യം അടുത്ത കാലത്ത് വർധിച്ചതും ഇതിന് കാരണമാകാമെന്ന് ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനാണ് നാട്ടുകാർ ചേർന്ന് ജനകീയ ജാഗ്രതാ സമിതി രൂപീകരിച്ചത്. യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലീനാ വില്യം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ശ്രുതി രാജേഷ്, ഡെന്നി കാവാലം, എ.ടി.വി. ദാമോദരൻ, ജയിംസ് രാമത്തറ, വേണുഗോപാലൻ ചേഞ്ചേരി, സിബി എം. തോമസ്, കുട്ടിച്ചൻ തെന്നടി, സജി ഓലിക്കൽ, അന്നമ്മ പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളായ ലീന വില്യം, ശ്രുതി രാജേഷ്-രക്ഷാധികാരികൾ, ഡെന്നി കാവാലം-ചെയർമാൻ, ജയിംസ് രാമത്തറ, സി.എം. തോമസ്-വൈസ് ചെയർമാൻമാർ, വേണുഗോപാലൻ ചെഞ്ചേരി-കൺവീനർ, കെ.ജി. സതീശൻ, കുട്ടിച്ചൻ തെന്നടി-ജോയിന്റ് കൺവീനർ എന്നിവരടങ്ങുന്ന 17 അംഗ ജാഗ്രതാ സമിതിയാണു രൂപീകരിച്ചത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രദേശത്തെ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും നീരീക്ഷിക്കാനും സമിതി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
District News
തൊടുപുഴ: ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡും തൊടുപുഴയില്‍നിന്നു പൈനാവിലേക്ക് മാറ്റാന്‍ നീക്കം. നിലവില്‍ വെങ്ങല്ലൂരിലാണ് ഇതു പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞമാസം 23നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഓഫീസ് പൈനാവിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2026 നവംബര്‍ അഞ്ചിനു നിലവില്‍വന്ന അഞ്ചംഗ കമ്മിറ്റിയിലുള്ള ചിലരുടെ താത്പര്യമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
പൈനാവില്‍ പൊതുമരാമത്ത് വകുപ്പിന്റെ വാസയോഗ്യമല്ലാത്ത രണ്ട് ക്വാര്‍ട്ടേഴ്സുകള്‍ നേരത്തേ ഇതിനായി അനുവദിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജില്ലയിലെ സാഹചര്യം വിശദീകരിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെ മറ്റ് മൂന്നംഗങ്ങളും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിലെ മജിസ്ട്രേറ്റും തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയും നിജസ്ഥിതി വിലയിരുത്തി ഇപ്പോള്‍ ഓഫീസ് മറ്റേണ്ടതില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇതു പരിഗണിക്കാതെ ജില്ലാ വനിതാ ശിശുസംരക്ഷണ ഓഫീറുടെ റിപ്പോര്‍ട്ട് വാങ്ങി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൈനാവിലേക്ക് മാറ്റുന്നതിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, 2015-ലെ റൂള്‍ പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തിക്കേണ്ടത് ചില്‍ഡ്രന്‍സ് ഹോമുകളോടനുബന്ധിച്ചായിരിക്കണമെന്നാണ് വ്യവസ്ഥ.
സംസ്ഥാനത്ത് ഇടുക്കിയില്‍ ഒഴികെ എല്ലാ ജില്ലകളിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, മാനസിക പുരോഗതി എന്നിവ കൃത്യമായി വിലയിരുത്തി സമയബന്ധിതമായ ഇടപെടലുകള്‍ നടത്തുകയെന്നതാണ്.
എന്നാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്ലാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്. ജില്ലയിലെ ആകെയുള്ള 38 ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ തൊടുപുഴ താലൂക്കില്‍ മാത്രം 14 രജിസ്റ്റര്‍ ചെയ്ത ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.
ഇതിനു പുറമേ തൊടുപുഴ നഗരസഭാ പ്രദേശത്ത് ആറു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി രണ്ടു സ്ഥാപനങ്ങള്‍, ഒരു ദത്തു നല്കല് കേന്ദ്രം, പോക്സോകേസില്‍ ഇരയായവര്‍ക്കുള്ള കേന്ദ്രം എന്നിവ ഉള്‍പ്പെടെ ഒമ്പതു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ കുട്ടികളുമായി ബന്ധപ്പെട്ട അടിയന്തര ഇടപെടലുകള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും തൊടുപുഴ കേന്ദ്രമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് ഉചിതം.
ഡയറക്ടറുടെ ഉത്തരവില്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, കളക്ടറേറ്റ്, വനിതാശിശുക്ഷേമ ഓഫീസ് തുടങ്ങിയവ പൈനാവില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവിടേക്ക് മാറ്റണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ പൈനാവില്‍ ആവശ്യത്തിന് രജിസ്റ്റര്‍ ചെയ്ത ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ നിലവിലില്ല. അതിനാല്‍ ഓഫീസ് അവിടേക്ക് മാറ്റിയാല്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തില്‍ തൊടുപുഴയില്‍ത്തന്നെ ഓഫീസുകള്‍ നിലനിര്‍ത്താന്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചു പഠിച്ചുവരുന്നതായും കൂടുതൽ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കിഫ്ബി ബോർഡ് യോഗം ചേർന്നെങ്കിലും അജൻഡകൾ മാറ്റിവച്ചത് ഇതിന്റെ ഭാഗമായാണ്. സമിതി റിപ്പോർട്ട് വന്നശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. നയപ്രഖ്യാപനത്തിൽ കിഫ്ബിയെക്കുറിച്ചു പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്റെ ബ്ലു ഇക്കണമിയല്ല കേരളത്തിന്റെ തുറമുഖ നഗര പദ്ധതി. ഇപ്പോൽ കപ്പലുകളിലും വെസലുകളിലും ഉല്ലാസ യാത്ര നടത്താൻ വിദേശത്തു പോകണം.
കേരളത്തിൽ ആഭ്യന്തര കപ്പൽ യാത്ര നടത്താൻ കഴിയുന്ന തരത്തിൽ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: അനധികൃത കുടിയേറ്റം മൂലമുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിരമിച്ച സുപ്രീംകോടതി ജഡ്ജി പ്രകാശ് പ്രഭാകർ നാല്ലേക്കറുടെ അധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷാമിക രവി എന്നിവരോടൊപ്പം സെൻസസ് കമ്മീഷണറും സമിതിയിൽ അംഗങ്ങളായിരിക്കു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആയിരിക്കും സമിതിയുടെ മെമ്പർ സെക്രട്ടറി.
ഇന്ത്യയിലുടനീളം അസ്വാഭാവികമായ കാരണങ്ങളാൽ സംഭവിക്കുന്ന ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് സമിതി സമഗ്രമായ വിലയിരുത്തൽ നടത്തും. കുടിയേറ്റത്തെ തുടർന്ന് ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അമിത് ഷാ പറഞ്ഞു.
റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് ഒരു വർഷത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമിതിയുടെ കാലാവധി ആറ് മാസം വരെ നീട്ടിനൽകാം. ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
Kerala
ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെതിരേ അതിരൂക്ഷ വിമർശനവും ഉയർന്നു.
മണ്ഡലത്തിൽ വിജയിക്കുന്നതിന് പകരം പണമുണ്ടാക്കുന്നതിനായിരുന്നു സലിം കുമാറിന് താത്പര്യമെന്നും ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.
സിപിഐ ജില്ലാ സെക്രട്ടറിയായി സലീം കുമാർ ചുമതലയേറ്റതിനുശേഷം നടത്തിയ ചില പ്രവർത്തനങ്ങൾ പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാക്കൾ പലരും പാർട്ടി വിടുന്നതിലേക്കോ നിർജീവമായി നിൽക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സലിം കുമാറിനെതിരേ കടുത്ത വിമർശനമുയർന്നത്.
പീരുമേട് മണ്ഡലത്തിലാണ് സലിം മത്സരിച്ചത്. എന്നാൽ, വിജയിക്കുന്നതിലായിരുന്നില്ല സലിം കുമാറിന് താത്പര്യമെന്നും പണമുണ്ടാക്കുന്നതിനായിരുന്നുവെന്നും വിമർശനമുയർന്നു.
Kerala
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് എസ്. സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് എസ്. സിരിജഗന്റെ മരണത്തെത്തുടര്‍ന്ന് എറണാകുളത്തെ കമ്മീഷന്റെ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊച്ചി കോര്പറേഷന് തിരികെ വിളിച്ചു. പുതിയ പരാതികളും അപേക്ഷയിലുള്ള പരാതികളും ജില്ലാ ലീഗൽ സര്‍വീസ് അഥോറിറ്റികളില്‍ അറിയിക്കാമെന്ന് വാതിലില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്.
പതിനായിരത്തോളം അപേക്ഷകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മീഷനിലെത്തിയത്. ഇതില്‍ വെറും 1144 അപേക്ഷകള്‍ മാത്രമേ തീര്‍പ്പ് കല്പ്പിക്കാനായുള്ളൂ. അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏഴായിരത്തിലേറെ അപേക്ഷകരുടെ പ്രതീക്ഷ നിലവില്‍ അസ്തമിച്ച അവസ്ഥയിലാണ്.
2016 ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ ജീവന് നഷ്ടമാകുകയോ സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായാണ് സംസ്ഥാനസര്‍ക്കാര്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
2001ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമത്തിനെതിരേ കേരളത്തില്‍നിന്നുള്‍പ്പെടെ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ചാണു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്കി.
സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും കമ്മിറ്റിയില്‍ അംഗങ്ങളാണ്. 2023 ല്‍ എബിസി നിയമത്തില്‍ മാറ്റം വന്നതോടെ 2024 മേയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ സിരിജഗന് കമ്മിറ്റിയുടെ നിയമസാധുതയും ഇല്ലാതായി.
നിയമസാധുതയില്ലാത്തതിനാല്‍ ജുഡീഷല്‍ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായി കമ്മിറ്റി. ഒട്ടേറെ അപേക്ഷയില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ്. അവിടെനിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി വേണം നഷ്ടപരിഹാരം നിര്‍ദേശിക്കാന്‍.
അധികാരം നഷ്ടമായതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയല്ലാതെ അപേക്ഷയിലുള്ള ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആകസ്മികമായി കമ്മീഷന് അധ്യക്ഷന്‍ സിരിജഗന് മരിക്കുന്നത്.
Kerala
ആലപ്പുഴ: കായംകുളം മുൻ എംഎൽഎ യു. പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചെന്നും പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ജില്ലാ കമ്മിയിയിൽ വിമർശനം ഉയർന്നു.
പ്രതിഭക്കെതിരായ വികാരം കായംകുളത്തുണ്ടായിരുന്നു. പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത് എന്നും വിമർശനം ഉയർന്നു.കൂടാതെ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നുവന്നത്.
പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണെന്നും ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും പാർട്ടിയിൽ കുറയുന്നു, തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു, ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ല, അമ്പലപ്പുഴയിൽ വികസന നായകൻ എന്ന ജി സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ല എന്നീ വിമർശനങ്ങളാണ് ഉയർന്നത്.
Kerala
തൃശൂർ: തമിഴ്നാട്ടിലെ വിജയത്തിന് പിന്നാലെ പിന്നാലെ കേരളത്തിലും ചുവടുറപ്പിക്കാൻ തയാറെടുക്കുകയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ ഘടകങ്ങൾ രൂപീകരിക്കുകയാണ് ടിവികെ കേരള ഘടകം.
വയനാടിനും പാലക്കാടിനും പിന്നാലെ തൃശൂരിലും ടിവികെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ജില്ലയിലെ വിജയ് ആരാധകരെ അണിനിരത്തിയാണ് ടിവികെ ആദ്യ യോഗം ചേർന്നത്. വിജയ് ഫാൻസ് അസോസിയേഷന് കീഴിലെ അംഗങ്ങളെ കൂട്ടിച്ചേർത്ത് തൃശൂർ ഗിരിജ തീയേറ്ററിലായിരുന്നു യോഗം.
വനിത - യൂത്ത് വിംഗ് ഭാരവാഹികൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും യോഗത്തിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്. ടിവികെയെ പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയാണ് തമിഴ്നാട്ടിലെ ഉജ്ജ്വല വിജയവും കേരളത്തിലെ പാർട്ടി രൂപീകരണവും എന്ന് സംഘാടകർ പറഞ്ഞു.
വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പുറമെ കേരളം ഒട്ടാകെ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക, കൂടുതൽ വനിതാ പ്രവർത്തകരെ പാർട്ടിയിലേക്ക് ആകർഷിക്കുക, വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പാർട്ടിയുടെ നേതൃപദവികളിലെത്തിച്ച് യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെയാണ് പ്രാരംഭ ഘട്ടത്തില്‍ ടിവികെ കേരള ഘടകം ലക്ഷ്യമിടുന്നത്.
National
ന്യൂഡൽഹി: മണിപ്പുർ കലാപം അന്വേഷിക്കുന്നതിനു നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിഷന്റെെ കാലാവധി ആറുമാസംകൂടി നീട്ടി.
260 പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തെക്കുറിച്ചുള്ള അന്വേഷണ നിപ്പോർട്ട് അടുത്ത നവംബർ 20 നകം നൽകണമെന്നാണ് നിർദേശം.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബൽബിർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ 2023 ജൂൺ നാലിനാണ് നിയമിച്ചത്.
തുടക്കത്തിൽ ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലായിരുന്നു സമിതി. കഴിഞ്ഞ ഫെബ്രുവരിയിൽ ജസ്റ്റീസ് ലാംബ വിരമിച്ചു. ജസ്റ്റീസ് ചൗഹാൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ചുമതലയേറ്റത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധവികാരമല്ലെന്ന് സിപിഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയുടെ എല്ലാ തട്ടിലും ആ പരിശോധന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് കനത്ത തോൽവിയാണ്. സംഘടനാ ദൗർബല്യം കാരണമായോയെന്നും പരിശോധന വേണം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുളള തിരുത്തൽ പാർട്ടിയുടെ എല്ലാത്തലത്തിലും വേണമെന്നാണ് ആവശ്യം.
പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങളെ സമീപിച്ചുകൊണ്ടുളള പ്രതികരണങ്ങൾ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലായിരുന്നില്ല. ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറയാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനം.
സംസ്ഥാന സമിതിയിൽ സിപിഐക്കെതിരെയും സിപിഎം രൂക്ഷ വിമർശനം ഉയർത്തി. പി.എം.ശ്രീ പദ്ധതിയിൽ അടക്കം സിപിഐ ഉന്നയിച്ച ആരോപണങ്ങൾ യുഡിഎഫിന് ശക്തിപകരുന്നതായെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ് എമ്മിനും വിമർശനമുണ്ട്. കേരളാ കോൺഗ്രസ് എം മുന്നണി വിടാനൊരുങ്ങിയ നീക്കം ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.
District News
തൃശൂർ: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാരണം കാണിക്കേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അതിരൂപത പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. വേർപിരിഞ്ഞു താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ലെന്ന പേരിൽ കുടുംബ കോടതികൾ വിവാഹമോചനം നിഷേധിക്കരുത് എന്നായിരുന്നു കോടതി വിധി. എന്നാൽ, വിവാഹമെന്നത് കേവലം രണ്ടു വ്യക്തികൾ തമ്മിലുള്ള കരാറല്ലെന്നും കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാനമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്ത ബോധത്തോടെ വിവാഹത്തിലേക്ക് പ്രവേശിച്ചവർ ബന്ധം വേർപെടുത്തുമ്പോൾ കാരണം വ്യക്തമാക്കേണ്ടതില്ലെന്ന് പറയുന്നത് യുക്തിരഹിതമാണെന്ന് യോഗം വിലയിരുത്തി. ദമ്പതികളുടെ വേർപിരിയലിലൂടെ കുട്ടികൾക്കുണ്ടാകുന്ന അവകാശ ലംഘനങ്ങളെയും അവരുടെ സംരക്ഷണത്തെയും കോടതി ഗൗരവമായി കാണേണ്ടതുണ്ട്. സമൂഹത്തിന്റെ നിലനില്പിന് ആധാരമായ പാരമ്പര്യ സംവിധാനങ്ങളെ തകർക്കുന്നത് മനുഷ്യവംശത്തിനുതന്നെ നാശമുണ്ടാക്കുമെന്നും, കോടതി ഈ വിധി പുനഃപരിശോധിക്കണമെന്നും യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഫാമിലി അപ്പസ്തോലേറ്റ് സെന്ററിൽ നടന്ന യോഗത്തിൽ കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറിയും തൃശൂർ അതിരൂപത പ്രസിഡന്റുമായ ജെയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, സെക്രട്ടറി ശോഭ ജോൺസൺ, ട്രഷറർ പ്രിൻസ് കരേക്കാട്ട്, ഷീബ ബാബു, രാജൻ ആന്റണി, ഇ.സി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷന്റെ രജിസ്ട്രേഷന് നേതൃത്വം നൽകുന്നതിനായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കൽഹാരി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്. പഞ്ചാരിമേളത്തിൽ മട്ടന്നൂരിന്റെ നേതൃത്വത്തിലും മോഹിനിയാട്ടത്തിൽ ഗുരു ബീന മേനോന്റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേൾഡ് റിക്കാർഡുകൾ, യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനേകം പരിപാടികൾ അരങ്ങേറും.
നോർത്ത് അമേരിക്കയിൽ നിന്നും നാട്ടിൽനിന്നും എത്തുന്ന സാമൂഹിക, സാംസ്കാരിക, സിനിമാ മേഖലകളിലെ വിശിഷ്ട വ്യക്തികൾ കൺവൻഷനെ വർണാഭമാക്കും. ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും ഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
ഈ കൺവൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവർക്ക് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്റണി എന്നിവർ അറിയിച്ചു.
District News
കൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് പോര്‍ട്ട് കൊല്ലം ശുദ്ധീകരണമാതാ പള്ളിയിൽ സമാരംഭമായി. ദിവ്യബലിക്ക് രൂപതാ മുന്‍ വികാരി ജനറാൾ മോണ്‍. വിന്‍സന്റ് മച്ചാഡൊ മുഖ്യകാര്‍മികത്വം വഹിച്ചു.
ലഹരിയുടെ രൂക്ഷമായ വിപത്തു തിരിച്ചറിയാനും അതിനെതിരെ സാമൂഹിക ജാഗ്രത പുലര്‍ത്താനും പൊതുസമൂഹം തയാറാകണമെന്നും മോണ്‍. വിന്‍സന്റ് മച്ചാഡോ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ 25 വര്ഷക്കാതലത്തെ രൂപതയുടെ ലഹരിവിരുദ്ധ പോരാട്ടങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ലഹരിവിപത്തിനെതിരെ കൂടുതല്‍ തീക്ഷണയോടെ പ്രവര്‍ത്തിക്കാന്‍ വിശ്വാസ സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമിതി രൂപതാ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരിക്ക് പേപ്പല്‍ പതാക കൈമാറി മോണ്‍. വിന്‍സന്റ് മച്ചാഡോ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് യോഹന്നാന് ആന്റണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്, സുപ്പീരിയര്‍ സിസ്റ്റര്‍ സോണിയ മേരി, സിസ്റ്റര്‍ അര്‍ച്ചനാ മേരി, തോപ്പില്‍ സെബാസ്റ്റ്യന്‍, സന്തോഷ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വൈകുന്നേരം ആറിനു തോപ്പ് കായിക്കര സെന്റ് ആന്റണീസ് കുരിശടിയില്‍ ദിവ്യബലി, ബോധവത്കരണ ക്ലാസ്, ലഹരിവിമുക്ത ജനജാഗ്രതാ ജ്യോതി തെളിയിക്കല്‍ എന്നിവയും നടത്തും. ജൂബിലി ആഘോഷങ്ങള്‍ 19ന് സമാപിക്കും.
മദ്യവും ലഹരിയും കുടുംബത്തെ തകർക്കുന്ന ദുരന്തം: ഫാ.ബിനു തോമസ് തുപ്പാശേരി
കൊല്ലം: മദ്യവും ലഹരിയും ഒരു വ്യക്തിയുടെ ശരീരത്തെയും മനസിനെയും മാത്രമല്ല മുഴുവൻ കുടുംബത്തെയും സമൂഹത്തെയും തകർക്കുന്ന ഒരു ദുരന്തമാണെന്നു കെഎസ്ഇബിസി കൊല്ലം രൂപത മദ്യവിരുദ്ധ കമ്മീഷൻ ഡയറക്ടർ ഫാ.ബിനു തോമസ് തുപ്പാശേരി. വിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ രജതജൂബിലി ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സുസ്ഥിരമായ ഒരു സാമൂഹിക വ്യവസ്ഥിതി മദ്യവും ലഹരിയും മരുന്നുകളും മുതലായവയുടെ ഉപയോഗത്തിൽ നിന്ന് വിമുക്തി നേടിയ യുവതലമുറ എന്ന മുദ്രാവാക്യത്തോടെ, ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് കർമ്മപദ്ധതികളുമായി സമൂഹത്തിലേക്ക് ഇറങ്ങുവാനാണ് സംഘടന തയാറെടുക്കുന്നത്.
കഴിഞ്ഞ 25 വർഷങ്ങളിൽ നമ്മുടെ സമിതി നടത്തിയ അവബോധ ക്ലാസുകൾ, ക്യാന്പയിനുകൾ, കൗൺസലിംഗ്,പുനരധിവാസ പരിപാടികൾ എന്നിവയിലൂടെ ഒട്ടേറെ ജീവിതങ്ങൾക്ക് പുതിയ പ്രത്യാശ നൽകാനായി.
ഓരോ കുടുംബത്തിലും ഓരോ യുവാവിന്റെയും ഹൃദയത്തിലും “വിമുക്തി” എന്ന സന്ദേശം ആഴത്തിൽ വേരുന്നിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് കര്‍മപരിപാടി രൂപീകരണത്തിനും നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനത്തിനുമായി ഈ മാസം 15ന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി എറണാകുളത്ത് യോഗം ചേരും.
എഫ്സിആര്‍എ, ദേശീയ ക്രിസ്ത്യന്‍ ക്ഷേമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര നിയമ ഭേദഗതികള്‍ സംബന്ധിച്ച് ക്രൈസ്തവര്‍ക്ക് ആശങ്ക ഉണ്ടാകേണ്ടതില്ല എന്ന് പറയുന്നവരുമായി സംവാദത്തിനും ചര്‍ച്ചകള്‍ക്കും തയാറാണെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അറിയിച്ചു.
NRI
ലണ്ടൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തുടർച്ച ഉറപ്പാക്കുന്നതിനായി രൂപീകരിച്ച എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പിന്റെ പ്രവർത്തനോദ്ഘാനം നടന്നു.
ശനിയാഴ്ച നടന്ന ഓൺലൈൻ സമ്മേളനത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇടതുപക്ഷ അനുഭാവികൾ പങ്കെടുത്തു. മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നവകേരള നിർമിതിയിൽ പ്രവാസികൾക്കുള്ള പങ്കിനെക്കുറിച്ചും ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ പ്രവാസികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വികസന രേഖയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. യൂത്ത് ഫ്രണ്ട് എം പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പ് കൺവീനർ രാജേഷ് കൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തവർക്ക് എഐസി ബ്രിട്ടൻ ആൻഡ് അയർലൻഡ് സെക്രട്ടറി സി.എൻ. ജനേഷ് സ്വാഗതം ആശംസിച്ചു.
എ.കെ. ഷിനിത്ത് (ക്രാന്തി അയർലൻഡ് ആൻഡ് ജോയിന്റ് കൺവീനർ, എൽഡിഎഫ് യുകെ - അയർലൻഡ്), ഗിരികൃഷ്ണൻ (സംസ്കാര ജർമനി), നവീൻ (കൈരളി യുകെ), അരുൺ ബെന്നി (യുവധാര മാൾട്ട - സെക്രട്ടറി), മിഥുൻ (പോളണ്ട് - ലോക കേരള സഭ അംഗം), സണ്ണി ജോസഫ് (കെഎഫ്പിഎസ് സ്വിറ്റ്സർലൻഡ്) തുടങ്ങിയവർ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിച്ചു.
ജർമനിയിൽ നിന്നുള്ള ശിവഹരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കേരളത്തിലെ വികസന തുടർച്ചയ്ക്കായി യൂറോപ്പിലെമ്പാടുമുള്ള പ്രവാസി മലയാളികളെ അണിനിരത്തിക്കൊണ്ട് വിപുലമായ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
District News
കടുത്തുരുത്തി: സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോസ്റ്റ് ഓഫീസ് പടിക്കല്‍ പാചകവാതക ക്ഷാമത്തിനെതിരേ വിറകടുപ്പ് സമരം നടത്തി.
വ്യാപാരി വ്യവസായി സമിതി ഏരിയാ രക്ഷാധികാരി കെ. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാജേഷ് മൂലയില്‍ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ബേബിച്ചന് തൈയില്‍, സംസ്ഥാന സമിതിയംഗം അന്നമ്മ രാജു, ജില്ലാ കമ്മിറ്റിയംഗം സജീവ്, വ്യാപാരികള്‍, ടോമി മ്യാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: എൻസിആർടി പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം തയാറാക്കിയവരെ കരിക്കുലം സമിതിയിൽനിന്ന് പുറത്താക്കാൻ സുപ്രീം കോടതി നിർദേശം. പ്രഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കെതിരെയാണ് നടപടി.
മൂന്നംഗ സംഘത്തിലെ മൂന്ന് പേരെയും നിലവിലുള്ള എല്ലാ ചുമതലകളിൽനിന്നു നീക്കണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശത്തിൽ സുപ്രീം കോടതി ആവശ്യപ്പെട്ടു. വിവാദ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചവർക്കെതിരെയും നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. വിവാദ വിഷയത്തിൽ നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പാഠ്യപദ്ധതി തയാറാക്കുന്നതിന് മറ്റൊരു വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാനെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്കരിച്ച അധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
District News
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു ക്ഷേത്രോപദേശക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ശ്രീധരൻ നമ്പൂതിരി നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ടി. ശ്രീകുമാരൻനായർ, സെക്രട്ടറി അഡ്വ. എസ്. പ്രമോദ്, വൈസ് പ്രസിഡന്റ് കെ. രതീഷ് കുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ അയ്യപ്പൻ, സബ് ഗ്രൂപ്പ് ഓഫീസർ നാരായണൻ നമ്പൂതിരി, എ.ഇ. ശാരദ പ്രിയ, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ, ഡിവൈഎസ്പി സുനിൽ കുമാർ, ഉപദേശക സമിതി ഭാരവാഹികളായ ജി. കിരൺകുമാർ, സുധാകരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ആര്.ഒ. അരുൺ, അനിൽകുമാർ, ജയലക്ഷ്മി ആര്. കൃഷ്ണദാസ്, ഗോപീകൃഷ്ണൻ നായർ, ദേവൂസ് കണ്ണൻ എന്നിവർ പങ്കെടുത്തു. മാർച്ച് 15 മുതല്‍ 24 വരെയാണ് ഉത്സവം.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരും.
രാവിലെ 9.30നു പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് കണ്‍വീനർ ഷാഫി പറന്പിൽ എംപി അറിയിച്ചു.
District News
മാലോം: മലയോര ഹൈവേയിലെ സ്ഥിരം അപകടമേഖലയായി മാറിയ മറ്റപ്പള്ളി വളവിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ജനകീയ സമിതി.
ഇതിനായി നാട്ടുകാരിൽ നിന്നും ഒപ്പുശേഖരണം നടത്തി സർക്കാരിലേക്ക് ഭീമഹർജി സമർപ്പിക്കും.ഏറ്റവുമൊടുവിൽ കഴിഞ്ഞ നവംബർ 29 നുണ്ടായ ബസ് അപകടത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടറും എൻഫോഴ്സ്മെന്റ് ആർടിഒയും പ്രശ്നപരിഹാരത്തിനായി ഡിസംബർ രണ്ടിന് കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർക്ക് അയച്ച നിർദേശവുമായി ബന്ധപ്പെട്ട് നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ ജനകീയ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുൻ ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാത്യു മറ്റപ്പള്ളി വളവിൽ പലതവണയുണ്ടായ അപകടങ്ങളുടെ നേർസാക്ഷിയായ സമീപവാസി സോഫിയ വടയാറ്റിലിൽ നിന്ന് ഭീമഹർജിയ്ക്കായി ആദ്യ ഒപ്പ് സ്വീകരിച്ചു.
ജനകീയ സമിതി ചെയർമാൻ ജെന്നി തയ്യിൽ, കെ.എസ്. രമണി, ബിനീഷ് വള്ളിക്കടവ്, ഷാജി നെടുമരുതുംചാലിൽ, ജയ്സൺ മറ്റപ്പള്ളി, ബിനോയ് വള്ളോപ്പള്ളി, സജി വള്ളോപ്പള്ളി, ജോഷി മറ്റപ്പള്ളി, ജോയി മാരടിയിൽ എന്നിവർ പങ്കെടുത്തു.
District News
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയ്ക്കെതിരേയും ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരേയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 നു നടത്തുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ ജില്ലാ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അധികൃതർ തയാറാവണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയകാര്യസമിതി അംഗം സി.പി. മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.എ. തുളസി, കെപിസിസി നിർവാഹ സമിതി അംഗം സി.വി. ബാലചന്ദ്രൻ, യുഡിഎഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി. രാമചന്ദ്രൻ സ്വാഗതവും ഓമന ഉണ്ണി നന്ദിയും പറഞ്ഞു.
District News
ശ്രീനാരായണപുരം: പള്ളിനടയിൽ ഫുട് ഓവർബ്രിഡ്ജ് നിർമിക്കുന്നതിന് മുന്നോടിയായി ഉന്നതസംഘം സ്ഥലപരിശോധന നടത്തി.
നാഷണൽ ഹൈവേ 66 വരുന്നതിന്റെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ പള്ളിനട ജംഗ്ഷനിലും കൊപ്രക്കളത്തും ഹൈവേ ക്രോസ്ചെയ്ത് കടക്കാൻ മേൽപ്പാലം വരുന്നതിന്റെ ഭാഗമായാണ് ഉന്നതസംഘം സ്ഥലപരിശോധന നടത്തിയത്. ഇവിടെ സുരക്ഷാസംവിധാനങ്ങൾ വേണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരുംനൽകിയ നിവേദനങ്ങൾക്ക് പരിഹാരമായിട്ടാണ് പള്ളിനട സെന്ററിൽ എഫ്ഒബി അനുവദിച്ച് നാഷണൽ ഹൈവേ അഥോറിറ്റി ഉത്തരവിറക്കിയത്.
ഏറ്റവും വേഗത്തിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇ.ടി. ടൈസൺ എംഎൽഎ അറിയിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, വൈസ് പ്രസിഡന്റ് സി.എൻ. സതീഷ്കുമാർ, മതിലകം ബ്ലോക്ക് മെംബർ വേണു തച്ചമ്പിള്ളി, വാർഡ് മെംബർമാരായ ഷിലു, സജിത പ്രദീപ് തുടങ്ങിയവർ ഉണ്ടായിരുന്നു.
District News
എടത്വ: തലവടി പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ക്ക് താക്കീത് നല്കി ബിജെപി.
പഞ്ചായത്ത് അംഗങ്ങളായ അജിത് പിഷാരത്ത്, ബിനു സുരേഷ്, ഗോകുല്‍ ഗോപാലകൃഷ്ണന് എന്നിവരെയാണ് ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി വിശദീകരണം എഴുതി വാങ്ങിയ ശേഷം താക്കീതു നല്‍കിയതെന്ന് മണ്ഡലം പ്രസിഡന്റ് കെ.ജി. പ്രസാദ് അറിയിച്ചു
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നറിയപ്പെടുന്ന സൈബർ തട്ടിപ്പുകൾ തത്സമയം തടയുന്നതിനായി ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറി അധ്യക്ഷനായ സമിതി ഇതിനോടകം നിരവധി തവണ യോഗം ചേർന്നെന്നും ഗൂഗിൾ, വാട്സാപ്, ടെലിഗ്രാം, മൈക്രോസോഫ്റ്റ് എന്നീ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ അവസാനം നടന്ന യോഗത്തിൽ പങ്കെടുത്തെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വിവിധ ഏജൻസികളുൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതിനെത്തുടർന്ന് ഡിസംബർ 26നാണ് ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചത്.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറിയെക്കൂടാതെ ഐടി, വിദേശകാര്യം, നിയമം, ഉപഭോക്ത കാര്യം എന്നീ മന്ത്രാലയങ്ങളിൽനിന്നും സാന്പത്തിക സേവന വകുപ്പ്, റിസർവ് ബാങ്ക്, എൻഐഎ, സിബിഐ, ഡൽഹി പോലീസ്, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്നീ മേഖലകളിൽനിന്നുമുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരലും ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമവും വിഭാഗീയ പ്രവർത്തനങ്ങളും അടക്കം കെപിസിസിക്ക് ലഭിച്ച പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിനു പരാതികളാണ് കെപിസിസിക്കു ലഭിച്ചത്.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുൻമന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം സി.പി. മുഹമ്മദ്, മുൻ എംഎൽഎ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രൂപം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ദോഷകരമായ വിഭാഗീയ പ്രവർത്തനങ്ങളടക്കം നടത്തിയവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.
Kerala
അമ്പലപ്പുഴ: വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്റെ കാലിൽ അഞ്ചുമാസത്തിനു ശേഷം ഫൈബർ ചില്ല് കണ്ട സംഭവത്തിൽ അന്വേഷണം തുടങ്ങി. യുവാവിന്റെ പരാതിയിൽ മെഡിക്കൽ കോളജ് സുപ്രണ്ട് നാലംഗ സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.
പുന്നപ്ര കൊച്ചുപറമ്പിൽ അനന്തുവിന് (27) ജൂലൈ 17-നാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. വലതു കാൽമുട്ടിനു താഴെ മുറിവേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആദ്യദിവസം മുറിവിൽ തുന്നലിട്ടു. അടുത്ത ദിവസം അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർമാർ പ്ലാസ്റ്ററുമിട്ടു.
നീരും വേദനയും കുറയാതായപ്പോൾ അനന്തു വീണ്ടും ആശുപത്രിയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാൽ മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആശുപത്രി വിടുന്നതായി എഴുതിക്കൊടുത്താണു ഡിസ്ചാർജ് ചെയ്തത്.
തുടർന്ന് ഡിസംബർ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ മുറിവേറ്റ ഭാഗത്ത് രണ്ട് സെന്റിമീറ്റർ നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടിനും അമ്പലപ്പുഴ പോലീസിനും അനന്തു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
ആർഎംഒ ഡോ. ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനോദ് കുമാർ, ജനറൽ സർജറി വിഭാഗത്തിലെ ഡോ. അനിൽകുമാർ എന്നിവരെ അന്വേഷണത്തിൽ നിയോഗിച്ചതായി സൂപ്രണ്ട് ഡോ. എ. ഹരികുമാർ അറിയിച്ചു. ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. കരിവെള്ളൂർ തെരു റോഡിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന ബോർഡുകൾ തീയിട്ടു നശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം പ്രവർത്തകർ കണ്ടത്. തുടർന്ന് നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച ഓഫീസിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശാ പഠന ക്യാമ്പ് നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് മണ്ഡലം പ്രസിഡണ്ട് ഷീബാ മുരളി പയ്യന്നൂർ പോലീസിൽ പരാതി നൽകി.
District News
ചാലക്കുടി: മർച്ചന്റ് അസോസിയേഷൻ ടൗൺ അമ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗിസ് പാത്താടൻ അനുഗ്രഹപ്രഭാഷണം നടത്തി. എച്ച്ഒ എം.കെ.സജീവ് ആദ്യസംഭാവന സ്വീകരിച്ചു. യോഗത്തിൽ എൻ. കുമാരനെ എംഎൽഎ പൊന്നാട അണിയിച്ചു.
നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, സെന്റ് മേരീസ് പള്ളി തിരുനാൾ കമ്മിറ്റി കൺവീനർ ജോഷി പുത്തരിക്കൽ, ബിനു മഞ്ഞളി, ഷൈന ജോർജ്, ലിന്റോ തോമസ്, സിന്ധു ബാബു, ജോണി മേച്ചേരി, എ.കെ. സുഗതൻ, ടൗൺ അമ്പ് കമ്മിറ്റി ചെയർമാൻ ഷൈജു പുത്തൻപുരയ്ക്കൽ, ജനറൽ കൺവീനർ ജയിൻ ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശന്പള പരിഷ്കരണം പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു മാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ശന്പള പരിഷ്കരണത്തിനു പ്രത്യേക കമ്മീഷനെ നിയോഗിക്കുന്നത് ഒഴിവാക്കിയാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.
ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയാകും വരിക. മന്ത്രിസഭയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 10 ശതമാനം ഡിഎ കൂടി ശന്പളത്തിൽ ലയിപ്പിച്ച ശേഷം 10 ശതമാനം ശന്പള വർധന നടപ്പാക്കാനാണ് ആലോചിക്കുന്നത്. ശരാശരി 5,000 രൂപ മുതൽ അര ലക്ഷം രൂപ വരെ ഓരോ ജീവനക്കാരനും ഇതുവഴി വർധന വരും.
നിലവിൽ ശന്പളവും പെൻഷനും നൽകാനായി ഒരു വർഷം വേണ്ടി വരുന്ന തുക 60,000 കോടി രൂപയാണ്. വർധന നടപ്പാക്കുന്നതോടെ ഇത് 80,000 കോടി രൂപ വരെയായി ഉയരും. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പ്രതിവർഷ തനതു വരുമാനമായി കണക്കാക്കുന്നത്.
കഴിഞ്ഞ ശന്പളപരിഷ്കരണത്തിന് ശേഷം കുറഞ്ഞ അടിസ്ഥാന ശന്പളം 23,500 രൂപയാണ്. കൂടിയത് 1.66 ലക്ഷവും. കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയത് 84,000 രൂപയുമാണ്.
ശന്പള വർധന വരുന്നതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശന്പളം 28,000- 30,000 രൂപയെങ്കിലുമായി ഉയരും. പെൻഷനും ആനുപാതികമായി വർധിക്കും. കഴിഞ്ഞ തവണ ശന്പള വർധനയിൽ 1.38 മൾട്ടിപ്ലിക്കേഷൻ ഫാക്ടർ ഫോർമുലയാണ് ഉപയോഗിച്ചതെങ്കിൽ ഇത്തവണ അത് 1.40 വരെയാക്കാനാണ് പരിഗണന.