പ്രതീകാത്മക ചിത്രം
മലപ്പുറം: തിരുവാലി കൊളക്കാട്ടിരിയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. എറണാകുളം കാലടി സ്വദേശിയായ സജീവന്‍റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യുട്ടായി തീപിടിച്ചാണ് അപകട കാരണം.
ഫാമിൽ ജോലിക്കാർക്കായി അനുവദിച്ച ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. കുട്ടിയെ കട്ടിലിൽ ഉറക്കിക്കിടത്തിയശേഷം മാതാപിതാക്കൾ തൊട്ടടുത്ത ഫാമിലെ ജോലിയിലേക്ക് പോയ സമയത്തായിരുന്നു അപകടം.
കിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യൂട്ട് ആയി തീപ്പൊരി ഫാനിനു മുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് വീഴുകയായിരുന്നു. തുടർന്ന് തീയും ഫാനും കൂടി കിടക്കയിലേക്ക് പതിച്ച് കിടക്കയും കട്ടിലും പൂർണമായി കത്തിയമർന്നു.
വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് മാതാപിതാക്കളും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : Baby Burns Bedroom ShortCircuited Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash