പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്നലെ കനത്ത ഇടിവ്. യുഎസ് ട്രഷറി ബോണ്ട് യീൽഡ് 2007നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലെത്തിയതും തിരിച്ചടിയായതോടെ സെൻസെക്സും നിഫ്റ്റി 50യും 1.6 ശതമാനത്തിലധികം ഇടിഞ്ഞു.
സെൻസെക്സ് 1248 പോയിന്റ് (1.67 %) താഴ്ന്ന് 73,581ലും നിഫ്റ്റി 384 പോയിന്റ് (1.64 %) നഷ്ടത്തിൽ 23,063 ലും വ്യാപാരം പൂർത്തിയാക്കി. ഇതിനൊപ്പം വിശാല വിപണികളിൽ ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക രണ്ടു ശതമാനത്തിനു മുകളിലും നിഫ്റ്റി സ്മോൾകാപ് 100 സൂചിക 1.5 ശതമാനവും താഴ്ന്നു.
ഓഹരിവിപണിയിലെ അസ്ഥിരതയുടെ അളവുകോലായ ഇന്ത്യ വിക്സ് 22 ശതമാനത്തിലേറെ കുതിച്ചുയർന്നു. എല്ലാ മേഖലാ സൂചികകളും വൻ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് നാലു ശതമാനത്തിലധികം ഇടിഞ്ഞു. വിപണിയിൽ മൊത്തത്തിൽ ഇടിവ് പ്രകടമായിരുന്നു. എൻഎസ്ഇയിൽ 943 ഓഹരികൾ മാത്രം നേട്ടമുണ്ടാക്കിയപ്പോൾ 2587 എണ്ണം നഷ്ടത്തിലേക്കു വീണു. 99 ഓഹരികൾക്കു മാറ്റമുണ്ടായില്ല.
വിപണിയുടെ നഷ്ടത്തിനു കാരണങ്ങൾ
1. ബോണ്ട് യീൽഡുകൾ
19 വർഷത്തെ ഉയർന്ന നിരക്കിക്കിൽ സെപ്റ്റംബറിൽ യുഎസ് ബിസിനസ് രംഗം അഞ്ചു വർഷത്തിലേറെക്കാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന വിവരങ്ങൾ പുറത്തുവന്നതോടെ 10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾ 2007 നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കു കുതിച്ചുയർന്നു.
2. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്ന പ്രതീക്ഷകൾ
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വൻ വർധന വരുത്തുമെന്ന പ്രതീക്ഷകൾ പെട്ടെന്ന് ഉയർന്നത് ഓഹരിവിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടി. സെപ്റ്റംബറിൽ യുഎസ് ബിസിനസ് പ്രവർത്തനം അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ മാറ്റം.
3. ഓയിൽ വില ഉയർന്നു
യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിലെ അനിശ്ചിതത്വം വീണ്ടും ഉയർന്നതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറിനു മുകളിലെത്തി. യുഎസിന്റെ സമ്മർദങ്ങൾക്ക് ഇറാൻ വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ യുഎൻ പൊതുസഭ സമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് അസംസ്കൃത എണ്ണ വില കുതിച്ചുകയറിയത്. ഇരു രാജ്യങ്ങളും ചർച്ചയ്ക്കു തയാറാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം എണ്ണ വില ബാരലിനു 99 ഡോളറിനു താഴേക്കു പതിച്ചിരുന്നു.
4. രൂപയുടെ ഇടിവ്
അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതും യുഎസ് ഡോളർ ശക്തിപ്രാപിച്ചതും കാരണം ഡോളറിനെതിരേ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 95.96 എന്ന നിലയിലെത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 95.84 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ അമേരിക്കൻ നാണയത്തിനെതിരേ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കായ 95.98 എന്ന നില വരെയെത്തി. ഒടുവിൽ മുൻ ദിവസത്തേക്കാൾ 23 പൈസയുടെ കുറവിൽ 95.96ൽ വ്യാപാരം പൂർത്തിയാക്കി. ബുധനാഴ്ച 11 പൈസ നഷ്ടത്തിൽ 95.73ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തലേദിവസം 16 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു.
Tags : StockMarket Sensex Nifty BSE NSE CrudeOil Doller Rupee Business