വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യ
മൂവാറ്റുപുഴ: അറിവിനെ തൊഴില്ശേഷിയാക്കി, തൊഴില്‍ശേഷിയെ സംരംഭകത്വമാക്കി മാറ്റുന്ന വിദ്യാഭ്യാസ അന്തരീക്ഷമാണു കേരളം ലക്ഷ്യമിടേണ്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ കഴിവുകളെയും സാങ്കേതിക വൈദഗ്ധ്യത്തെയും കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. യുവജനങ്ങള്‍ക്കായി വലിയ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത്.വരുംതലമുറകളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കുക എന്നതു സര്‍ക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ്.
സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും അറിവിന്റെ വേഗത്തിലുള്ള വികാസവും കണക്കിലെടുത്ത് വിദ്യാഭ്യാസരംഗവും കാലാനുസൃതമായി മാറേണ്ടതുണ്ട്.
മാറുന്ന കാലത്തിനനുസരിച്ച് പാഠ്യപദ്ധതിയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. വ്യവസായരംഗത്തും സാങ്കേതികമേഖലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രജതജൂബിലി സുവനീര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് പ്രകാശനം ചെയ്തു. കോളജിന്റെ സ്ഥാപക മാനേജര്‍ ഫാ. തോമസ് മലേക്കുടിയെ മുഖ്യമന്ത്രി ആദരിച്ചു. എംപിമാരായ ഡീന്‍ കുര്യാക്കോസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാത്യു കുഴല്നാടന് എംഎല്‍എ, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഡയറക്ടര്‍ ഫാ. ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, കോളജ് ട്രഷറര്‍ ഡോ. കെ.വി. തോമസ്, വൈസ് പ്രസിഡന്റ് മാത്യു കൊച്ചുമുട്ടം, ജോയിന്റ് സെക്രട്ടറി ഫാ. ജോസ് പുല്ലോപ്പിള്ളില്‍, സ്റ്റുഡന്റ് യൂണിയന് പ്രതിനിധി അക്സ ജോണ്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
കോളജിന്റെ മുന്‍ മാനേജര്‍മാരായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. ഡോ. ചെറിയാന് കാഞ്ഞിരക്കൊമ്പില്‍, ഡയറക്ടര്‍മാരായ ഫാ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍, ഫാ. പോള്‍ നെടുമ്പുറത്ത് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate ducational environment workforce