ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ന്യൂയോർക്ക്: ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന ആരോപണം "നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ" എന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, തനിക്കെതിരെ വംശഹത്യാ ആരോപണമുന്നയിക്കുകയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്ക് നെതന്യാഹു കടുത്ത ഭാഷയിൽ മറുപടി നൽകിയത്.
ഗാസയിൽ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രായേൽ എണ്ണമറ്റ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടു. പോളിയോ വാക്സിനേഷനും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇസ്രായേലിനെതിരെ ആരോപണം ഉന്നയിക്കുന്നവർ നാണിക്കണമെന്നും പറഞ്ഞു. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ഹമാസ് അനുകൂലിയാണെന്നും ജൂതവിരുദ്ധനാണെന്നും നെതന്യാഹു ആരോപിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ജൂതന്മാരുള്ള ന്യൂയോർക്കിൽ ഇന്ന് അവർ സുരക്ഷിതരല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"എന്നെ നിശബ്ദനാക്കാൻ കഴിയില്ല": "നിങ്ങൾക്ക് എന്നെയോ സത്യത്തെയോ നിശബ്ദനാക്കാൻ കഴിയില്ല. ഇസ്രായേൽ വംശഹത്യ നടത്തുകയല്ല, മറിച്ച് വംശഹത്യ തടയുകയാണ് ചെയ്തത്," നെതന്യാഹു വ്യക്തമാക്കി. ജൂതന്മാർ പ്രതിരോധമില്ലാതെ കൊല്ലപ്പെട്ടിരുന്ന കാലം കഴിഞ്ഞുവെന്നും, ഇന്ന് തങ്ങൾക്ക് സ്വന്തമായി ഒരു രാജ്യവും സൈന്യവുമുണ്ടെന്നും പ്രഖ്യാപിച്ച നെതന്യാഹു, എല്ലാവരും ചേർന്ന് "അപരിഷ്കൃതർക്കെതിരെ" പോരാടണമെന്നും ആഹ്വാനം ചെയ്തു.
Tags : BenjaminNetanyahu GazaGenocide ZohranMamdani UNGeneralAssembly IsraelHamas AntisemitismCharge