പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതു തടയാനുള്ള വനംവകുപ്പിന്റെ ഇടിച്ചക്ക ശേഖരണ പൈലറ്റ് പദ്ധതിക്ക് സർക്കാർ അനുമതി. ചക്ക പഴുക്കുമ്പോൾ മണം പിടിച്ചാണ് ആനക്കൂട്ടങ്ങൾ വനാതിർത്തിയിലേക്ക് എത്തുന്നതെന്നും ചക്കയ്ക്കായി ഇവ നാട്ടിലേക്ക് ഇറങ്ങുകയാണ് പതിവെന്നും വനംവകുപ്പ് വിലയിരുത്തൽ. വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ തദ്ദേശവകുപ്പും കൃഷി വകുപ്പുമായി സഹകരിച്ചാണ് ഇടിച്ചക്ക ശേഖരണ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം ഗുരുതരമായ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. ചക്ക വിളയുന്ന സീസണില്‍ പ്രത്യേകിച്ച് മാര്‍ച്ച് - ജൂലൈ മാസങ്ങളില്‍ പ്ലാവുകളില്‍ പഴുത്ത് നില്ക്കുന്ന ചക്കയുടെ മണവുംലഭ്യതയും കാട്ടാനകളെ ജനവാസകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണെന്ന് വകുപ്പ് വിലയിരുത്തുന്നു. സമയബന്ധിതമായി ചക്ക വിളവെടുക്കാത്തതും അവ നിലത്തുവീണു നശിക്കുന്നതും ആനകളെ നിരന്തരം ജനവാസ മേഖവലകളിലേക്ക് എത്തിക്കുന്നു.
ഈ സാഹചര്യത്തില്‍ ചക്ക പഴുക്കുന്നതിന് മുമ്പ് ഇടിച്ചക്കപ്പരുവത്തില് ശേഖരിച്ച് നീക്കം ചെയ്യുകയും അവ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്ന പൈലറ്റ് പദ്ധതിക്കാണ് കഴിഞ്ഞദിവസം പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സമർപ്പിച്ച ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. കരടികളെ ആകർഷിക്കുന്നത് തടയാൻ വടക്കേ അമേരിക്കയിൽ പഴങ്ങൾ നേരത്തേ നീക്കുന്ന രീതി നിലവിലുണ്ട്. ഈരീതി ഉൾകൊണ്ടാണ് വനംവകുപ്പ് ചക്ക ശേഖരിക്കൽ പദ്ധതിയിലേക്കു തിരിഞ്ഞത്.
ശേഖരിക്കുന്ന ഇടിച്ചക്ക കൃഷിവകുപ്പിനു കൈമാറി ചിപ്സ്, അച്ചാർ, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ എന്നിവയാക്കിമാറ്റാനുള്ള സാധ്യതയാണ് കൃഷിവകുപ്പ് വിലയിരുത്തുന്നത്. സംസ്കരണ യൂണിറ്റുകളെ കണ്ടെത്തുന്ന ചുമതല കൃഷി വകുപ്പിനാണ്. തമിഴ്നാട്ടിലെ സംസ്കരണ യൂണിറ്റുകൾക്കും ഇടിച്ചക്ക നൽകാൻ ഉദ്ദേശിക്കുന്നുണ്ട്.
ഇതുകൂടാതെ വന്യജീവി ആക്രമണമേഖലകളില് ജനങ്ങളുടെ ആവലാതികളും പ്രശ്നങ്ങളും നേരിട്ട് ആഴത്തില്‍ മനസിലാക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയമസഭാ മണ്ഡലതല മനുഷ്യ-വന്യജീവി സഹജീവന നിര്‍ദേശക സമിതി രൂപീകരിച്ചും ഉത്തരവായിട്ടുണ്ട്. എംഎല്‍എ അധ്യക്ഷനായ സമിതിയില്‍ എംപി പ്രത്യേക ക്ഷണിതവാണ്.
ഫോറസ്റ്റ് ഓഫിസര്‍ കണ്‍വീനറും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളുമായിരിക്കും. മൂന്നുമാസത്തെ ഇടവേളകളില്‍ യോഗം ചേരണമെന്നും നിര്‍ദേശമുണ്ട്.
Tags : Approval PilotProject Jackfruit WildElephants Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash