കേരള ഹൈക്കോടതി
കൊച്ചി: വിചാരണപോലും തടസപ്പെടുത്തുന്ന സ്ഥിതിവിശേഷമുള്ളതിനാല്‍ അഴിമതി തടയല്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുന്നതായി ഹൈക്കോടതി. അഴിമതി തടയല്‍ നിയമപ്രകാരം കോടതി ശിക്ഷിച്ചാലും അപ്പീലിലൂടെ ജാമ്യം നേടിയശേഷം വാദം കേള്‍ക്കാതെ വര്‍ഷങ്ങളോളം കേസ് നിശ്ചലമാകും. പിന്നീട് പ്രതി മരിക്കുന്നതോടെ കേസും തീരും. ഹൈക്കോടതി രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരായ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ വാക്കാല്‍ നിരീക്ഷണമുണ്ടായത്.
പരിതാപകരമായ ഈ സാഹചര്യം മൂലം നിയമത്തിന്റെ യഥാര്‍ഥ ലക്ഷ്യമാണ് ഇല്ലാതാകുന്നതെന്നും അഴിമതി തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കിയാലേ ജനങ്ങള്‍ക്കു വിശ്വാസമുണ്ടാകൂവെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ഇടക്കാല ജാമ്യം സംബന്ധിച്ച ആവശ്യത്തില്‍ ഉത്തരവിനായി ഹര്‍ജി മാറ്റി.
അനധികൃത സ്വത്തുസമ്പാദന കേസില്‍ കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയെ നാലുവര്‍ഷം തടവിനും 30 ലക്ഷത്തോളം രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷ വിധിച്ചത്. തെറ്റായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും വസ്തുതകള്‍ വേണ്ട വിധം പരിഗണിക്കാതെയുമാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചതെന്നാണു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ശിക്ഷ മരവിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ശിക്ഷ മരവിപ്പിക്കുന്നത് സ്വാഭാവിക നടപടിയല്ലെന്ന് കോടതിയും അഭിപ്രായപ്പെട്ടു.
Tags : KeralaHighCourt AntiCorruptionAct Defeated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash