നോയ്ഡ: ഗ്രേറ്റർ നോയിഡിലെ യമുന എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് ഒന്പതു യാത്രക്കാർ മരിച്ചു. 20 പേരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ന്യൂഡൽഹിയിലെ കാഷ്മീരി ഗേറ്റിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്കു പോകുകയായിരുന്ന ബസ് ജെവാർ പോലീസ് സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോകുന്പോഴാണു തീപിടിച്ചത്.
വിവരമറിഞ്ഞയുടനെ പൊലിസും അഗ്നിരക്ഷാസേനയുമെത്തി രക്ഷാപ്രവർത്തനം നടത്തിയതായി ചീഫ് ഫയർ ഓഫീസർ പ്രദീപ്കുമാർ അറിയിച്ചു. വാഹനത്തിനുള്ളിലേക്കു കടക്കുന്പോൾ ഒന്പതു പേർ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. 20 പേരെ സുരക്ഷിതമായി ബസിൽനിന്നു പുറത്തെത്തിച്ചു. ബസിലെ എസി സിസ്റ്റത്തിലുണ്ടായ തീപ്പൊരിയോ പൊട്ടിത്തെറിയോ ആണ് തീപിടിത്തത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം.
എൻജിൻ ലൂബ്രിക്കന്റ് ഓയിൽ തീയാളിപ്പടരാൻ സഹായിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനുബന്ധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും ഡ്രൈവർ, കണ്ടക്ടർ എന്നിവരെ കസ്റ്റഡിയിലെടുത്തതായും പൊലിസ് പത്രക്കുറിപ്പിൽ അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ മരിച്ചുവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി കഴിയാവുന്ന സഹായങ്ങൾ ചെയ്തു നൽകാൻ ഉദ്യോഗസ്ഥർക്കു നിർദേശവും നൽകി.
Tags : bus fire Nine people died 20 rescued Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash