ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ
പാറ്റ്ന: പാറ്റ്ന മുൻ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറും ജന സുരാജ് പാർട്ടി നേതാവുമായ അനിൽ യാദവിന് നേരെ വെടിവെപ്പ്. പാറ്റ്നയിലെ ബുദ്ധ കോളനി പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അനിൽ യാദവിനെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് 7:30 ഓടെ അപ്പാർട്ട്മെന്റിന്റെ ബേസ്മെന്റിൽ ഇരിക്കുകയായിരുന്ന അനിൽ യാദവിന് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. അദ്ദേഹത്തിന് കാലുകളിലും അടിവയറ്റിലുമായി 4-5 വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
വാർത്തയറിഞ്ഞ് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ, പ്രതിപക്ഷ നേതാവും ആർജെഡി വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ്, പൂർണിയ എംപി പപ്പു യാദവ് എന്നിവർ ആശുപത്രിയിലെത്തി അനിൽ യാദവിനെയും കുടുംബത്തെയും സന്ദർശിച്ചു.
മുഖ്യമന്ത്രിയുടെ വസതിക്ക് തൊട്ടടുത്ത് നടന്ന സംഭവത്തിൽ ബിഹാറിലെ ക്രമസമാധാന നില തകർന്നെന്നും സംസ്ഥാനത്ത് 'ഗുണ്ടാ രാജ്' ആണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ബിഹാറിൽ ഒരു മുഴുവൻ സമയ ഡിജിപി പോലുമില്ലെന്ന് പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും പൊലിസും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Tags : JanSuraajparty AnilYadav LaestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash