പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടികൾ സമർപ്പിച്ച കണക്കുകളാണ് പുറത്തുവന്നത്. അഞ്ചു സംസ്ഥാനങ്ങളിലുമായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ബിജെപിയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആകെ 529.39 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുക പശ്ചിമ ബംഗാളിലാണ് ചെലവഴിച്ചത്. 287 കോടി രൂപയാണ് ഇവിടെ ചെലവാക്കിയത്. കോൺഗ്രസ് അഞ്ചു സംസ്ഥാനങ്ങളിലായി 249 കോടി രൂപയാണ് ചെലവാക്കിയത്. പശ്ചിമ ബംഗാളിൽ മാത്രം കോൺഗ്രസ് 42 കോടി രൂപ ചെലവഴിച്ചു. സിപിഎം അഞ്ചു സംസ്ഥാനങ്ങളിലായി 39 കോടി രൂപ ചെലവഴിച്ചതായും കണക്കുകളിൽ പറയുന്നു.
ബംഗാളിൽ സിപിഎമ്മിന്റെ ചെലവ് എട്ട് കോടി രൂപമാത്രമാണ്. കേരളത്തിൽ കോൺഗ്രസ് 105 കോടി രൂപയും ബിജെപി 83 കോടി രൂപയും സിപിഎം 29 കോടി രൂപയും ചെലവാക്കി. അസമിൽ ബിജെപി 96 കോടി രൂപയും തമിഴ്നാട്ടിൽ 52 കോടി രൂപയും, പുതുച്ചേരിയിൽ 12 കോടി രൂപയും ചെലവഴിച്ചു. അതേസമയം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഇതുവരെ തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് സമർപ്പിച്ചിട്ടില്ല.
Tags : Assembly Election ElectionCommission Expenditure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash