കോളേജിലെ വാർഷികാഘോഷ പരിപാടിക്കിടെ വിദ്യാർഥിയുടെ കോളറിൽ പിടിച്ചു തള്ളുന്ന അധ്യാപകൻ
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒരു സ്വകാര്യ സർവകലാശാലാ കോളേജിൽ വാർഷികാഘോഷ പരിപാടിക്കിടെ വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും കോളറിന് പിടിച്ച് തള്ളുകയും ചെയ്ത അധ്യാപകനെതിരെ പ്രതിഷേധവുമായി എൻഎസ്യുഐ. അധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട എൻഎസ്യുഐ, നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രതിഷേധ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
സർവകലാശാലയിലെ സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിക്കിടെ സംസാരിക്കുകയായിരുന്ന അധ്യാപകനോട്, സിനിമയിലെ പ്രശസ്തമായ "ജൽദി ബോൽ, കൽ സുബഹ് പൻവേൽ നികൽനാ ഹേ" (വേഗം പറയൂ, നാളെ രാവിലെ പൻവേലിലേക്ക് പോകാനുള്ളതാണ്) എന്ന ഡയലോഗ് വിദ്യാർഥി വിളിച്ചുപറയുകയായിരുന്നു.
ഇതിൽ പ്രകോപിതനായ അധ്യാപകൻ വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തുകയും നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ വെച്ച് തർക്കത്തിലേർപ്പെടുകയും വിദ്യാർഥിയുടെ കോളറിന് പിടിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
സൗഹൃദാന്തരീക്ഷത്തിൽ നടന്ന തമാശപരിപാടിക്കിടെ ഉണ്ടായ സംഭവം ഇത്രത്തോളം ഗൗരവമായി എടുത്ത് വിദ്യാർഥിയെ അപമാനിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ഗുജറാത്ത് എൻഎസ്യുഐ വൈസ് പ്രസിഡന്റ് വേദാന്ത് തോമർ ആവശ്യപ്പെട്ടു. വിഷയം സംസാരിച്ച് തീർത്തതായി അധ്യാപകൻ അറിയിച്ചെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലാണ് വിദ്യാർഥി സംഘടന.
Tags : NSUI protest Ahmedabad university incident professor student clash Panvel dialogue joke student collared