ഷോൺ ജോർജ്.
തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ ബിജെപിയിൽ അതൃപ്തി പുകയുന്നു. കൃഷ്ണദാസ്, മുരളീധരപക്ഷമാണ് അതൃപ്തി പ്രകടിപ്പിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തോടോ മുതിർന്ന നേതാക്കളോടോ കൂടിയാലോചന നടത്താതെയാണ് ഷോൺ വാർത്താസമ്മേളനം വിളിച്ചതും രേഖകൾ പുറത്തുവിട്ടതുമെന്നാണ് പ്രധാന വിമർശനം.
എൽഡിഎഫ്, യുഡിഎഫ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കാൻ ശ്രമിച്ച നീക്കം ഒടുവിൽ പാർട്ടിക്ക് തന്നെ തലവേദനയായി മാറിയെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഡയറിയിൽ ആർഎസ്എസ്, ഹിന്ദു ഐക്യവേദി സംഘടനകളുടെയും മുതിർന്ന ബിജെപി നേതാക്കളുടെയും പേരുകൾ ഉള്ള സാഹചര്യത്തിലാണ് ഈ അതൃപ്തി പുകയുന്നത്. പാർട്ടിയുടെ പൊതുവായ രാഷ്ട്രീയ തന്ത്രങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്.
എന്നാൽ സ്വന്തം വ്യക്തിപരമായ താൽപര്യങ്ങൾ മാത്രം മുൻനിർത്തിയാണ് ഷോൺ ജോർജ് ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അതേസമയം ഡയറിയിൽ പറയുന്ന പേര് തന്റേതല്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ പറഞ്ഞു. ഷോൺ ജോർജിന്റെ രേഖയെ കുറിച്ച് തനിക്ക് ഉത്തരവാദിത്വമില്ല. അതിന്റെ ആധികാരികതയെ കുറിച്ച് ഒന്നും പറയില്ല.
വൈസ് പ്രസിഡന്റിനോട് ചോദ്യം ചോദിക്കേണ്ടത് പ്രസിഡന്റാണെന്നും മുരളീധരൻ പറഞ്ഞു. ദേശീയ നിർവാഹകസമിതി അംഗത്തിനോ മുൻ കേന്ദ്രമന്ത്രിക്കോ ഇതേക്കുറിച്ച് എങ്ങനെ അറിയാനെന്ന് പറഞ്ഞാണ് മുരളീധരൻ അതൃപ്തി പരസ്യമാക്കിയത്. എന്തിനാണ് ഈ രേഖ പുറത്ത് വിട്ടതെന്ന് ഷോൺ ജോർജാണ് വിശദീകരിക്കേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.
Tags : ShonGeorge Cmrl Case Diary Bjp Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash