പി.എ. ഷമീർഖാൻ
കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം മുൻ സർക്കിൾ ഇൻസ്പെക്ടർ പി.എ. ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലൂടെ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
മണ്ണ് മാഫിയയിൽ നിന്നടക്കം വൻ തോതിൽ പണം വാങ്ങുകയായിരുന്നു ഷമീർഖാൻ. ഏറെ നാളായി മണ്ണ് മാഫിയകളുടെ കൈയിൽ നിന്നും ക്രിമിനൽ കേസ് പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. വൈക്കം സിഐ ആയി ചുമതലയേറ്റതിന് ശേഷം മാത്രം നടത്തിയ പണമിടപാടിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
ആസാം സ്വദേശിയെ ഭീഷണിപ്പെടുത്തി ഷമീർഖാൻ സെപ്റ്റംബർ അഞ്ചിന് കാനറ ബാങ്കിൽ ഒരു അക്കൗണ്ട് തുറന്നു. വൈക്കം സ്വദേശിയായ അരുൺ എന്നയാളുടെ പേരിലുള്ള മൊബൈൽ നമ്പർ ആണ് അക്കൗണ്ടിന് നൽകിയത്. തുടർന്ന് ബാങ്ക് പാസ് ബുക്കും എടിഎം കാർഡും സിംകാർഡും ഷമീർഖാൻ കൈവശം വച്ചു.
ഈ അക്കൗണ്ടിലേക്ക് ആണ് യുപിഐ വഴി മണ്ണ് മാഫിയ, ലോറിക്കാർ, ടിപ്പർ, ടോറസ് ഉടമകൾ ക്രിമിനൽ കേസ് പ്രതികൾ എന്നിവരിൽ നിന്ന് പണം വാങ്ങിയത്. സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ പത്ത് വരെ 2,27,000 രൂപയാണ് അക്കൗണ്ടിലെത്തിയത്.
വിവരം ലഭിച്ച വിജിലൻസ് സംഘം ഒക്ടോബർ 16ന് സിഐയുടെ ഓഫിസിൽ മിന്നൽ പരിശോധന നടത്തി. ഓഫിസിൽ നിന്ന് ഷമീർഖാൻ കൈവശം വച്ചിരുന്ന എടിഎം കാർഡും സിംകാർഡും കണ്ടെത്തി. തുടർന്ന് വിജിലൻസ് കേസെടുക്കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ ഇയളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് മുണ്ടക്കയം വിളനിലം സ്വദേശിയായ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
Tags : Vigilance PAShameerKhan Investigation CaseFile FIR Kottayam