ഷിബു ബേബി ജോൺ
പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് മുട്ടിൽ മരംമുറി കേസെന്നും കഴിഞ്ഞ സർക്കാർ ഈ വിഷയത്തിൽ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും വനംമന്ത്രി ഷിബു ബേബി ജോൺ. കേസുമായി ബന്ധപ്പെട്ട് തള്ളിയ കുറ്റപത്രത്തിന്‍റെ നിജസ്ഥിതി പരിശോധിച്ചതായും അതിൽ ചില പിശകുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.
ഈ വീഴ്ചകൾ ബോധപൂർവമായിരുന്നോയെന്ന് വിശദമായി അന്വേഷിക്കുമെന്നും ഇതുസംബന്ധിച്ച് വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിലമതിക്കാനാവാത്ത ഈട്ടിമരങ്ങളാണ് മുട്ടിൽ മുറിച്ചു മാറ്റിയത്. ഇതിൽ 108 ഈട്ടി മരങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിൽ ഒമ്പത് മരങ്ങൾ മുറിച്ചത് പട്ടയഭൂമിയിൽ നിന്നല്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇത്തരം കൊള്ളകൾ കാരണം യഥാർത്ഥ കർഷകരാണ് ദുരിതത്തിലായത്.
മുട്ടിൽ കേസ് പൂർണമായും പൊളിഞ്ഞുപോയിട്ടില്ലെന്നും ബാക്കി കുറ്റപത്രങ്ങൾ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ റവന്യൂ ഉത്തരവ് ഇറങ്ങാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. മുട്ടിൽ മരംമുറി കേസ് പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥരെ സർക്കാർ പൂർണമായി സംരക്ഷിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
Tags : MuttilTree ForestMinister ChargeSheet ShibuBabyJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash