ബൊവാബാബ് പഴം പൊട്ടിച്ചെടുക്കുന്ന ചിമ്പാൻസികൾ.
മനുഷ്യർ കുട്ടികൾക്ക് അറിവു പകർന്നുനൽകുന്നതുപോലെ മൃഗങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അറിവു പകരാറുണ്ടോ? സംശയിക്കേണ്ട, ഉണ്ട്! ചിമ്പാൻസികളാണ് ആ സവിശേഷ മൃഗങ്ങൾ! മനഷ്യൻ തങ്ങളുടെ മക്കളെ പരിശീലിപ്പിക്കുന്നതുപോലെ, കാട്ടിലെ ചിമ്പാൻസികളും തങ്ങളുടെ കുഞ്ഞുങ്ങൾക്കു പരിശീലനം നൽകുന്നു. ഗവേഷകരുടെ കൗതുകകരമായ പഠന റിപ്പോർട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ചിമ്പാൻസികൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇരതേടാനുള്ള ആയുധങ്ങൾ കൈമാറുകയും, അവ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്നു പരിശീലിപ്പിക്കുകയും ചെയ്യുന്ന 'കാട്ടിലെ കളരി'യുടെ അപൂർവ ദൃശ്യങ്ങളാണു ഗവേഷകർ കാമറയിൽ പകർത്തിയത്. എന്നാൽ ഇതെല്ലാം ചിമ്പാൻസികൾ എങ്ങനെ സ്വായത്തമാക്കി എന്നതു ശാസ്ത്രജ്ഞർക്കിടയിൽ വലിയ ചർച്ചയ്ക്കു തുടക്കമിടുകയും ചെയ്തു.
റിപ്പബ്ലിക് ഓഫ് കോംഗോയിലെ നൗബാലെ-എൻഡോക്കി നാഷണൽ പാർക്കിൽ സ്ഥാപിച്ച കാമറകളിലാണ് അപൂർവദൃശ്യങ്ങൾ പതിഞ്ഞത്. മൺപുറ്റുകളിൽനിന്നും മരപ്പൊത്തുകളിൽനിന്നും ചിതലുകളെയും ഉറന്പുകളെയും പ്രാണികളെയും പിടികൂടാനും തേനെടുക്കാനും അനുയോജ്യമായ വടികളും ഈറ്റക്കഷ്ണങ്ങളും മുതിർന്ന ചിമ്പാൻസികൾ പ്രത്യേകം തിരഞ്ഞെടുക്കുന്നു. തുടർന്ന്, 'ആയുധങ്ങൾ' അവർക്കു സന്തോഷത്തോടെ കൈമാറുകയും, എങ്ങനെ ഉപയോഗിക്കണമെന്നു ക്ഷമയോടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ചിമ്പാൻസികളുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നായ ബൊവാബാബ് പഴം പൊട്ടിച്ചെടുക്കാനും മുതിർന്ന ചിമ്പാൻസികൾ പഠിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മൃഗങ്ങളിൽ ഇത്തരം അറിവുകളുടെ കൈമാറ്റം വളരെ അപൂർവമായി മാത്രമേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. കേവലം അനുകരണത്തിലൂടെ മാത്രമല്ല, മുതിർന്നവരുടെ സജീവമായ പരിശീലനത്തിലൂടെയും പ്രോത്സാഹനത്തിലൂടെയുമാണ് ചിമ്പാൻസി കുഞ്ഞുങ്ങൾ ഈ വിദ്യകൾ സ്വായത്തമാക്കുന്നത്. മനുഷ്യർ തലമുറകളിലേക്ക് അറിവു പകർന്നുനൽകുന്ന രീതിക്കു സമാനമാണ് ചിമ്പാൻസികളിലും കാണപ്പെടുന്നതെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
കുഞ്ഞുങ്ങളെ അതിജീവിക്കാൻ പരിശീലനം നൽകുക മാത്രമല്ല, ശിക്ഷിക്കാനും ചിന്പാൻസികൾക്കറിയാം. നേരത്തെ ഒരു വീഡിയോയിൽ മൃഗശാല സന്ദർശിക്കാനെത്തിയവരുടെ നേരേ കല്ലുകൾ എറിഞ്ഞ കുഞ്ഞിനെ അമ്മ ചിന്പാൻസി വടിയെടുത്തു തല്ലുന്ന വീഡിയോ ലോകമെന്പാടും വൻ തരംഗമായിരുന്നു.
Tags : InternationalNews NouabaleNdokiNationalPark Chimpanzees ScienceNews