ഷോൺ ജോർജ്.
തിരുവനന്തപുരം: മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലിസ് മേധാവിക്ക് സർക്കാർ നിർദേശം നൽകിയ നടപടി നിയമവിരുദ്ധമാണ്. ഇഡി കത്ത് നൽകിയത് ഡിജിപിക്കാണ്.
അതിനാൽ അന്വേഷണം നടത്താൻ നിർദേശം നൽകേണ്ടത് ആഭ്യന്തര മന്ത്രിയല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര മന്ത്രി തന്നെ ആരോപണവിധേയനായിരിക്കെ അന്വേഷണത്തിന് നിർദേശം നൽകുന്നത് എങ്ങനെയാണെന്നും ഷോൺ ചോദിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് കുറ്റാരോപിതൻ തന്നെ നിർദേശിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.മാസപ്പടി കേസിൽ എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവിലും നിയമപ്രശ്നമുണ്ട്. ഇഡി കത്തിൽ വിജിലൻസ് അന്വേഷണത്തിന് പകരം പ്രാഥമിക അന്വേഷണം നടത്തുന്നത് ഒത്തുതീർപ്പിന്റെ ഭാഗമാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനും കർത്തയുടെ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. അതിനാൽ പിണറായി വിജയനും വി.ഡി.സതീശനും തമ്മിൽ വ്യത്യാസമില്ലെന്നും ഇരുവരും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം നടന്നാൽ ഡയറിയിൽ പേരുള്ള മന്ത്രിമാർക്ക് രാജിവയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നതിനാലാണ് കേസ് ഒതുക്കാൻ ശ്രമിക്കുന്നത്.
സർക്കാർ രൂപീകരിച്ച എസ്ഐടി പ്രസക്തമല്ലാതായെന്നും കേസ് സിബിഐക്ക് വിടണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. മാസപ്പടി കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : MassPaymentCase ShoneGeorge Cmrl Sfio Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash