പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ മാണ്ഡാവലിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ദീപക് ബൻസാൽ എന്നയാൾക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ബോധം കെടുത്തി പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് യുവതിയുടെ സ്വർണ വളകളും മോതിരവും മാലയും തട്ടിയെടുക്കുകയും ചെയ്തു.
ലക്ഷ്മി നഗർ സ്വദേശിയായ യുവതിയും പ്രതി ദീപക് ബൻസാലും രണ്ട് വർഷം മുമ്പാണ് പരിചയപ്പെടുന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാർച്ച് നാലിനാണ് ഇയാൾ യുവതിയെ കാണാൻ വിളിച്ചുവരുത്തിയത്. തുടർന്ന് സംസാരിക്കുന്നതിനിടെ മയക്കുമരുന്ന് നൽകി യുവതിയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് യുവതി ഉണർന്നപ്പോൾ പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇയാൾക്ക് പൊലിസിൽ സ്വാധീനമുണ്ടെന്നും പരാതി നൽകിയാൽ ആസിഡ് ഒഴിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഭയം കാരണം മാസങ്ങളോളം വിവരം പുറത്തുപറയാതിരുന്ന യുവതി പീഡനം തുടർന്നതോടെയാണ് പൊലിസിനെ സമീപിച്ചത്.
സെപ്റ്റംബർ 22-നാണ് പ്രതിക്കെതിരെ പൊലിസ് കേസെടുത്തത്. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Rape JobOpportunity