Image for representation
കൊച്ചി: കലൂര്‍ ജെഎല്‍എന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് പിന്നിലെ അപ്പാര്‍ട്ട്മെന്‍റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റ് അസോസിയേഷനെതിരെ കുട്ടിയുടെ കുടുംബം. ഫ്‌ളാറ്റ് അസോസിയേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവച്ചെന്നും അസോസിയേഷന്‍റെ വീഴ്ചയാണ് മകന്‍ ഇസ്മായിലിന്‍റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
ഓഗസ്റ്റ് 17നാണ് ഇസ്മായില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചത്. ഉത്തരവാദിത്തപ്പെട്ട അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ഇത്രയും ദിവസമായിട്ടും ആ വാര്‍ത്ത പോലും പുറത്തുവിട്ടിട്ടില്ല. സ്റ്റേഡിയം ലിങ്ക് റോഡിലെ അപ്പാര്‍ട്ട്‌മെന്‍റിലെ ഒരു കുട്ടി വീണു മരിച്ചിട്ട് അതിനെതിരെ പൊലിസ് അനാസ്ഥയ്ക്ക് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അപ്പാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍റെ ഭാഗത്തു നിന്ന് പ്രഥമദൃഷ്ട്യാ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. അപകടസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.
അപകടം നടന്ന സ്വിമ്മിംഗ് പൂളും പരിസരപ്രദേശങ്ങളും നേരിട്ട് കണ്ടു മനസിലാക്കിയ സംഘം, കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും പരിപാലനമില്ലാതെയും പൂള്‍ നിലനിര്‍ത്തിയതില്‍ അപ്പാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍റെ ഭാഗത്തുനിന്നു പ്രഥമദൃഷ്ട്യാ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തിയിരുന്നു.
Tags : Death Boy SwimmingPool Family CCTVfootage