ഭോപ്പാൽ: യുപിഐ ഫീസ് വർധനയ്ക്കെതിരായ വ്യാപാരികളുടെ പ്രതിഷേധം കടുക്കുന്നു. മധ്യപ്രദേശിൽ യുപിഐ വഴി പണം സ്വീകരിക്കാനായി കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യുആർ കോഡുകൾ കറുത്ത ടേപ്പ് ഒട്ടിച്ചുമറിച്ച വ്യാപാരികൾ ഇന്നലെ ‘നോ യുപിഐ ഡേ’ ആചരിച്ചു. 2000 രൂപയ്ക്കുമേലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) പിടിക്കാനുള്ള കേന്ദ്ര തീരുമാനമാണ് പ്രതിഷേധത്തിന് പിന്നിൽ.
ഒക്ടോബർ 15നാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിച്ചില്ലെങ്കിൽ യുപിഐ ക്യുആർ കോഡ് മെഷീനുകൾ കൂട്ടത്തോടെ വെള്ളത്തിലെറിയുമെന്ന് ഇൻഡോർ റീട്ടെയ്ൽ ഗാർമെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അക്ഷയ് ജയിൻ മുന്നറിയിപ്പ് നൽകി. കൂടിയാലോചനകളില്ലാതെയാണ് കേന്ദ്രം ഫീസ് ചുമത്താൻ തീരുമാനിച്ചതെന്നും വ്യാപാരികൾ പ്രതികരിച്ചു.
ഇൻഡോർ, ഭോപാൽ, ജബൽപുർ, ഗ്വോളിയോർ, റാത്ലം, നീമുച്, മന്ദ്സോർ, ജവോറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ‘നോ യുപിഐ ഡേ’ ആചരിച്ചെന്ന് വ്യാപാരി സംഘടനയായ അഹില്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ രമേശ് ഖണ്ടേൽവാൽ പറഞ്ഞു. മധ്യപ്രദേശിൽ പെട്രോൾ പമ്പുകൾ 2000 രൂപയ്ക്ക് മുകളിലുള്ള തുക യുപിഐ വഴി സ്വീകരിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം വന്നിരുന്നു.
Tags : No UPI Day fee hike Traders threaten QR code machines Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash