തൃശൂർ: ഇഎംഎസ് സർക്കാരിനെതിരേ നടത്തിയ വിമോചനസമരം പോലെ, മാധ്യമങ്ങൾ ഉൾപ്പടെയുള്ള പിന്തിരിപ്പൻശക്തികളാണു രണ്ടാം പിണറായി സർക്കാരിന്റെ തുടർഭരണം അസാധ്യമാക്കിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലസ് ഗ്രൗണ്ടിൽ അഴീക്കോടൻ രാഘവൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെയും എൽഡിഎഫിനെയും ലക്ഷ്യമിട്ടുള്ള കടന്നാക്രമണം തെരഞ്ഞെടുപ്പിനു മുന്പേ ഇവർ ആരംഭിച്ചു. സിപിഎം നേതൃത്വത്തെ തകർക്കുകയായിരുന്നു ലക്ഷ്യം. കേരളത്തെ ആർഎസ്എസിന്റെയും ബിജെപിയുടെയും വരുതിക്കുനിർത്താനായിരുന്നു അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും കാലങ്ങളായുള്ള ശ്രമം. എൽഡിഎഫ് ഭരണകാലത്ത് അതു നടപ്പായില്ല.
ഇപ്പോൾ അതിനായി ഗവർണറെ നിയോഗിച്ചിരിക്കുകയാണ്. യുഡിഎഫ് അതിനു കൂട്ടുപിടിക്കുന്നു. യുഡിഎഫ്- ബിജെപി ഡീലാണു കേരളത്തിലെന്നു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മനസിലായി. പൂർണമായും ബിജെപിക്കു വഴങ്ങിയ സർക്കാരാണു കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ അധ്യക്ഷനായി.
Tags : Kerala BJP M.V. Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash