കൊച്ചി: ശബരിമലയിലെ ദേവസ്വം വിജിലന്‍സ് സംഘത്തെ മാറ്റാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം പൂര്‍ത്തിയാകും വരെ വിജിലന്‍സ് ടീമിനെ മാറ്റുന്നത് വിലക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
ശബരിമല സന്നിധാനത്തെ വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തണമെന്നും നിലവിലെ ഓഫിസര്‍മാരുടെ കാലാവധി 2027 ജനുവരി 31 വരെ നീട്ടണമെന്നും എസ്ഐ ഒഴിവ് നികത്തണമെന്നുമുള്ള കോടതിയുടെ ഉത്തരവ് നിലനില്‍ക്കേയാണ് പുതിയ ആറംഗ സംഘത്തിനായി ഡിജിപി അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു.
വിജിലന്‍സ് ടീമിലേക്കു നിയമിക്കാനായി പുതിയ ആറംഗ സംഘത്തിനായി ഡിജിപി അപേക്ഷ ക്ഷണിച്ചെന്നും അപേക്ഷിക്കാനുള്ള അവസാന ദിവസത്തിനു മുമ്പ് ചുരുക്കപ്പട്ടിക തയാറാക്കി വിജിലന്‍സ് ക്ലിയറന്‍സിനായി അയച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കേ, നിലവിലെ സംഘത്തെ പാടെ മാറ്റുന്നത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഇടയാക്കുമെന്നും നടപടി മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും സ്വാഭാവിക നീതിക്കു വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
Tags : Sabarimala K. Surendran petition replacement Vigilance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash