പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബിജെപി ആകെ ചെലവഴിച്ചത് 529.38 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച കണക്കുകൾ. ഇതിൽ 54 ശതമാനത്തിലധികവും (286 കോടി രൂപ) പശ്ചിമ ബംഗാളിലാണ് പാർട്ടി ചെലവിട്ടത്.
പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകളാണ് ബിജെപി കേന്ദ്ര കാര്യാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. ആകെ 286 കോടി രൂപ ചെലവഴിച്ചു. ഇതിൽ 217.16 കോടി രൂപ പാർട്ടി പ്രചാരണങ്ങൾക്കും, 69.83 കോടി രൂപ സ്ഥാനാർഥികളുടെ പ്രചാരണ ചെലവുകൾക്കുമായാണ് വിനിയോഗിച്ചത്.
അസം തെരഞ്ഞെടുപ്പിന് 96.26 കോടി രൂപയും കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ യഥാക്രമം 82.67 കോടി, 51.56 കോടി, 11.89 കോടി എന്നിങ്ങനെയുമാണ് ചിലവിട്ടത്. തെരഞ്ഞെടുപ്പ് കാലയളവിൽ 1,494 കോടി രൂപയുടെ വരുമാനം ലഭിച്ച പാർട്ടിയുടെ കൈവശം, തെരഞ്ഞെടുപ്പിന് ശേഷം ബാങ്ക് ബാലൻസും പണവുമായി 7,689.06 കോടി രൂപ ബാക്കിയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചെലവുകൾക്ക് കമ്മീഷന്റെ പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ പ്രചാരണങ്ങൾക്കായി തുക ചെലവഴിക്കുന്നതിന് പരിധികളില്ല. യാത്രകൾ, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടികൾ സമർപ്പിക്കേണ്ടതുണ്ട്.
Tags : BJP LatestNews DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash