കൊച്ചി: കേരള പൊലിസ് സൈബര്‍ഡോമിന്റെ നവീകരണ സംരംഭമായ ഹാക് കെപി (ഹാക് ഫോണ്‍ പൊലിസിംഗ്) 2026 ന്റെ ഏഴാമത് പതിപ്പ് കൊക്കൂണ്‍ 2026 ന്റെ ഭാഗമായി കൊച്ചിയില്‍ നടക്കും. ഈ കാലഘട്ടത്തില്‍ പൊലിസ് നേരിടുന്ന വെല്ലുവിളികള്‍ക്ക് സാങ്കേതികവിദ്യ അധിഷ്ഠിത പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധര്‍, നിയമനിര്‍വഹണ രംഗത്തെ പ്രഫഷണലുകള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ മേഖലാ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നുള്ള പരിഹാര പദ്ധതിയാണ് ഹാക്ക് കെപിയില്‍ നടപ്പാക്കുന്നത്.
ഏജന്റിക് എഐ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍സ്- ഫ്രം എവിഡന്‍സ് ടു ഇന്റലിജന്‍സ് എന്നതാണ് പ്രമേയം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും തമ്മില്‍ ബന്ധിപ്പിക്കാനും ശരിയായ രീതിയില്‍ മനസിലാക്കാനും സഹായിക്കുന്ന പ്രത്യേക എഐ ഏജന്റുമാരെയും ഉപകരണങ്ങളെയും ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇതില്‍ ചര്‍ച്ച ചെയ്യും. എഐ ഉപയോഗിക്കുമ്പോള്‍ മനുഷ്യരുടെ മേല്‍നോട്ടം, സുരക്ഷ, പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യം, ഉത്തരവാദിത്വത്തോടെയുള്ള എഐ ഉപയോഗം എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നല്‍കും.
ഹാക് കെപി 2026ലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1,100ലധികം അപേക്ഷകള്‍ ലഭിച്ചു. ആറു സംസ്ഥാനങ്ങളിലായി 11 വേദികളില്‍ പ്രാദേശിക പിച്ചിംഗ് പരിപാടികള്‍ നടത്തി 50 പ്രധാന ടീമുകളെ അവസാന ഘട്ടത്തിലേക്കു തെരഞ്ഞെടുത്തു. ഒക്ടോബര്‍ അഞ്ചു മുതല്‍ എട്ടു വരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന റെസിഡന്‍ഷ്യല്‍ ബൂട്ട് ക്യാമ്പില്‍ ഇവര്‍ പങ്കെടുക്കും. ഫിനാലെ കൊക്കൂണ്‍ 2026നോടനുബന്ധിച്ച് നടക്കും.
ഇതിലൂടെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍, നിയമനിര്‍വഹണ ഏജന്‍സികള്‍, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖര്‍, ഗവേഷകര്‍, മറ്റു ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധര്‍ എന്നിവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിക്കും. കൊക്കൂണ്‍ സമാപന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. വിജയികള്‍ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയുണ്ട്. വിജയികള്‍ക്കും തെരഞ്ഞെടുക്കപ്പെടുന്ന പങ്കാളികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
നിയമനിര്‍വഹണ സാങ്കേതികവിദ്യാ മേഖലയിലെ വിദഗ്ധര്‍ക്കും സമൂഹത്തിനും മുന്നില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും സാങ്കേതിക പരിഹാരങ്ങളും അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഭാവിയില്‍ നിയമനിര്‍വഹണ മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനു കഴിവുള്ള പുതിയ തലമുറയിലെ സാങ്കേതിക വിദഗ്ധരെ കണ്ടെത്തുകയും അവരെ വളര്ത്തിയെടുക്കുകയുമാണു ലക്ഷ്യം.
Tags : Cyber Police's Hack KP AI cyber investigations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash