ഉദ്ദവ് താക്കറെ
മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ജയിലിലടക്കണമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ. ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. മുംബൈയിലെ മാതോശ്രീയിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിലെ എല്ലാ തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണം. ഗ്യാനേഷ് കുമാർ ഇടപെട്ട എല്ലാ തെരഞ്ഞെടുപ്പുകളും വീണ്ടും നടത്തണം. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശാനുസരണമാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾ നിയമം കൈയിലെടുക്കുമെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേർത്തു.
Tags : GyaneshKumar UddhavThackeray ShivSena NewsUpdate Headlines