ന്യൂഡൽഹി: ശിവസേനാ എംപിമാരുടെ ലയനവിവാദത്തിൽ സുപ്രീംകോടതി ലോക്സഭാ സ്പീക്കറുടെ പ്രതികരണം തേടി.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ ആറു ലോക്സഭാ എംപിമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിച്ച നടപടി അംഗീകരിച്ച സ്പീക്കറുടെ ഉത്തരവിനെതിരേയുള്ള ഹർജിയിലാണു പ്രതികരണം തേടിയത്.
എന്നാൽ ലയനം അനുവദിച്ച സ്പീക്കറുടെ നടപടിക്ക് ഇടക്കാല സ്റ്റേ അനുവദിക്കാൻ ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരുടെ ബെഞ്ച് തയാറായില്ല.
പാർലമെന്റ് സമ്മേളനം മുന്നിൽക്കണ്ടു തയാറാക്കിയ ഉത്തരവ് ഭരണഘടനാതത്വങ്ങൾക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി താക്കറെ വിഭാഗമാണു കോടതിയെ സമീപിച്ചത്. കേസിൽ രണ്ടാഴ്ചയ്ക്കുശേഷം വിശദമായ വാദം സുപ്രീംകോടതി കേൾക്കും.