വെങ്കണ്ണയെ വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിൽ ഇരുചക്ര വാഹനമിടിച്ച് പൊലിസ് സബ് ഇൻസ്പെക്ടർ മരിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. വെങ്കണ്ണയാണ് (55) മരിച്ചത്. ഹൈദരാബാദ് ടാങ്ക് ബണ്ടിലെ എൻ.ടി.ആർ മാർഗിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്ക് വേണ്ടി വെങ്കണ്ണയും സഹപ്രവർത്തകനും റോഡ് മുറിച്ചു കടക്കുമ്പോൾ അമിതവേഗത്തിലെത്തിയ ഇരുചക്ര വാഹനം ഇടിക്കുകയും നിർത്താതെ പോവുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വെങ്കണ്ണയ്ക്ക് നിസാര പരിക്കുകളേ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. തുടർന്ന് വാറങ്കലിലേക്ക് മടങ്ങിയ അദ്ദേഹത്തിന് പിന്നീട് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം ഇടിച്ച് ഉദ്യോഗസ്ഥൻ വീഴുന്നതും നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ കേസെടുത്ത പൊലിസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒളിവിലായ പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Die Police Accident